കോഴിക്കോട്: സ്വാതന്ത്ര്യദിനത്തിൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ കെപിസിസി ചിന്തൻ ശിബിരത്തിൽ നിർദേശം. മിഷൻ 24 എന്ന പേരിലുള്ള സമിതിയുടെ നിർദേശങ്ങളും ചിന്തൻ ശിബിരത്തിലെ ഗ്രൂപ്പ് ചർച്ചയിലെ ഭേദഗതികളും ഉൾപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കർമപദ്ധതി പ്രഖ്യാപിച്ചത്.
സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുന്നതാണ് കോൺഗ്രസിലെ രീതി എന്നാൽ തിരഞ്ഞെടുപ്പിന് 6 മാസം മുൻപ് എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കണമെന്നാണ് നിർദേശം. തെരഞ്ഞെടുപ്പിന് 3 മാസം മുൻപെങ്കിലും സ്ഥാനാർഥികളെ തീരുമാനിക്കണം. കോൺഗ്രസ് മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നിരീക്ഷകരെ ഉടൻ നിശ്ചയിക്കും. ഇവർക്കു കീഴിൽ നിയമസഭാ മണ്ഡലം നിരീക്ഷകരുണ്ടാകും.