ഒറിഗോൺ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര ജാവലിൻ ത്രോ ഫൈനലിൽ കടന്നു. ആദ്യ അവസരത്തിൽ തന്നെ യോഗ്യതാ മാർക്ക് നീരജ് പിന്നിട്ടു. 88.39 മീറ്റർ ദൂരമാണ് നീരജ് എറിഞ്ഞത്. 89.94 മീറ്ററാണ് നീരജിന്റെ മികച്ച ദൂരം.
89.91 മീറ്റർ ദൂരം താണ്ടിയ ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് ആണ് യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയത്. നീരജ് രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 87.28 മീറ്റർ ദൂരം താണ്ടിയ ജർമനിയുടെ ജൂലിയൻ വെബ്ബർ മൂന്നാം സ്ഥാനത്തെത്തി. 83.50 മീറ്റർ ദൂരം മറികടക്കുന്നവരോ, അല്ലെങ്കിൽ രണ്ട് യോഗ്യതാ ഗ്രൂപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 12 താരങ്ങളോ ആണ് ഫൈനലിലേക്ക് യോഗ്യത നേടുക. ഇതിന്റെ അടിസ്ഥാനത്തിൽ യോഗ്യതാ റൗണ്ടിൽ 80.42 മീറ്റർ ദൂരമെ താണ്ടിയുള്ളൂവെങ്കിലും മികച്ച 12 താരങ്ങളിൽ ഉൾപ്പെട്ട ഇന്ത്യയുടെ രോഹിത് യാദവും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.