കൊച്ചി: കോൺഗ്രസ്സുകാർ പ്രതികളായ ക്രിമിനൽ കേസുകൾക്ക് നിയമസഹായം നൽകാനെന്ന പേരിൽ അഡ്വ.വി എസ് ചന്ദ്രശേഖരൻ കൺവീനറായി കെപിസിസി നിയമസഹായവേദി രൂപീകരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ലോയേഴ്സ് കോൺഗ്രസ് സംസ്ഥന പ്രസിഡന്റ് ടി അസഫ് അലിക്ക് പിന്നാലെ വയനാട്, കാസർഗോഡ്, ആലപ്പുഴ ജില്ലാ പ്രസിഡന്റുമാർ കൂടി രാജിവെച്ച് ഒഴിഞ്ഞു. സമാന്തര സംഘടനയുമായി സഹകരിക്കേണ്ടതില്ലെന്ന് അഭിഭാഷക കോൺഗ്രസ് നിലപാട് എടുത്തിരുന്നു.
സംസ്ഥാന, ജില്ലാ, കോടതി തലങ്ങളിലും സമാന്തര സംഘടന വന്നതോടുകൂടി അഭിഭാഷക കോൺഗ്രസ് ആശയകുഴപ്പത്തിലായെന്നും കെപിസിസി വിശദികരണം നൽകുംവരെ അതുമായി സഹകരിക്കേണ്ടതില്ലെന്നും ടി അസഫ് അലിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. ഈ തീരുമാനം പിൻവലിച്ച് വിശദികരണം നൽകണമെന്ന് കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് രൂപീകരിച്ച നിയമസഹായ വേദിക്ക് എതിരെ തീരുമാനമെടുക്കാൻ അഭിഭാഷക കോൺഗ്രസിന് അവകാശമില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇതിൽ കൂടി പ്രതിഷേധിച്ചാണ് ടി അസഫ് അലി കെ സുധാകരന് രാജിക്കത്ത് നൽകിയത്.