കണ്ണൂർ ജില്ലയിൽ ബോംബെറിന്റെ പൈതൃകം പേറുന്നവരാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പന്തക്കപ്പാറയിലെ കൊളങ്ങരേത്ത് രാഘവൻ എന്ന ബീഡി തൊഴിലാളിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത് കോൺഗ്രസ് നേതാക്കളാണ്. ഇതാണ് കണ്ണൂരിലെ ബോംബാക്രമണങ്ങൾക്ക് തുടക്കമിട്ടത്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ജില്ലയിൽ കൂടുതൽ അക്രമം നടത്തുന്നത് ആർ എസ് എസും പോപ്പുലർ ഫ്രണ്ടുമാണ്. എന്നാൽ ഇവർക്കെതിരെ കോൺഗ്രസ് ശബ്ദിക്കുന്നില്ല. ആക്രമണങ്ങളിൽ സിപിഐഎമ്മിന്റെ നിരവധി പ്രവർത്തകരും കൊല്ലപ്പെട്ടു. 2020 മുതൽ ഇതുവരെ ജില്ലയിൽ ഒമ്പത് സിപിഐ (എം) പ്രവർത്തകർ കൊല്ലപ്പെട്ടു. ഇതിൽ അഞ്ച് പേരെയും കൊലപ്പെടുത്തിയത് യൂഡിഎഫാണ്. ആർഎസ്എസ് നാല് കൊലപാതകവും നടത്തി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 1,760 കൊലക്കേസുണ്ടായി. അതിൽ 35 രാഷ്ട്രീയ കൊലപാതകവും. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൊലപാതക കേസുകൾ 1,516 ആയി കുറഞ്ഞു. 26 രാഷ്ട്രീയ കൊലപാതകവും. ഈ സർക്കാർ വന്നശേഷം എട്ടു രാഷ്ട്രീയ കൊലപാതകമുണ്ടായി. നാലെണ്ണം ആർഎസ്എസുകാർ ചെയ്തു. മൂന്നെണ്ണം എസ്ഡിപിഐക്കാരും. ഒരെണ്ണം കോൺഗ്രസുകാരും. എല്ലാ പ്രതികൾക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.