ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഇലക്ട്രറൽ ബോണ്ടുകളുടെ പൂർണ്ണമായ രേഖകൾ നൽകാത്തതിനാണ് സുപ്രീംകോടതി വിമർശിച്ചത്. കഴിഞ്ഞ 5 വർഷമായി നൽകിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാൻ ബാങ്കിനോട് കോടതി നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജി പരിഗണിച്ച സുപ്രീംകോടതി വിവരങ്ങൾ അപൂർണ്ണമാണെന്ന് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് എസ്ബിഐ ഇതിനകം പങ്കിട്ട വിശദാംശങ്ങൾക്ക് പുറമേ ഇലക്ട്രറൽ ബോണ്ട് നമ്പറുകളും വെളിപ്പെടുത്താൻ നിർദ്ദേശം നൽകി.
ബോണ്ട് നമ്പറുകൾ വെളിപ്പെടുത്തിയാൽ ബോണ്ട് വാങ്ങിയവർ ആർക്കാണ് നൽകിയതെന്ന് വ്യക്തമാകും. നേരത്തെ എസ്ബിഐ കൈമാറിയ വിവരങ്ങൾ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു. ബോണ്ട് നമ്പറുകൾ എന്തുകൊണ്ട് കൈമാറിയില്ലെന്ന് ആരാഞ്ഞ സുപ്രീംകോടതി എസ്ബിഐക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.