ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐയുടെ ഹർജി തള്ളി സുപ്രീം കോടതി. രാഷ്ട്രീയ പാർടികൾക്ക് 2019 മുതൽ ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച സംഭാവനയുടെ വിശദാംശങ്ങൾ നാളെ തന്നെ കൈമാറണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
വിവരങ്ങൾ കെെമാറാൻ ജൂൺ 30 വരെ സാവകാശം നൽകാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കോടതിയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ മാർച്ച് 15-ന് വൈകിട്ട് 5-ന് മുൻപ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു.
കടപ്പത്രം സംബന്ധിച്ച വിവരങ്ങൾ മുംബൈ മെയിൻ ബ്രാഞ്ചിൽ ഇല്ലേയെന്നു കോടതി ചോദിച്ചിരുന്നു. അതേസമയം വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പരും കോർ ബാങ്കിങ് സിസ്റ്റത്തിൽ ഇല്ലെന്ന് എസ് ബിഐ അറിയിച്ചു. വിവരങ്ങൾ നൽകാൻ ഫെബ്രുവരി 15-നാണ് ആവശ്യപ്പെട്ടത്. 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് കോടതി ചോദിച്ചു. രഹസ്യമാക്കി സീൽ കവറിൽ വെച്ചിരിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്താൻ മാത്രമാണ് പറഞ്ഞതെന്നും കോടതി പറഞ്ഞു. സീൽഡ് കവർ അല്ലേ, അത് തുറന്നാൽ പോരെ എന്ന് കോടതി ചോദിച്ചു.വിധി വന്നിട്ട് 26 ദിവസമായി പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നല്ലോ എന്ന് കോടതി ചോദിച്ചു.