കൊൽക്കത്ത: സന്ദേശ്ഖാലി ലൈംഗിക അതിക്രമ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ. 55 ദിവസം ഒളിവിൽ കഴിഞ്ഞശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. റേഷൻ അഴിമതി കേസിൽ ഷാജഹാൻ്റെ വസതിയിൽ പരിശോധനയ്ക്ക് എത്തിയ ഇഡി സംഘത്തെ തൃണമൂൽ അണികൾ ആക്രമിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ഒളിവിൽ പോയത്. നോർത്ത് 24 പർഗാനാസിലെ മിനാഖാനിൽ നിന്നാണ് ഷാജഹാൻ ഷെയ്ഖിനെ ബംഗാൾ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ഇന്ന് ഉച്ചയ്ക്ക് ബാസിർഘട്ട് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പ്, ഭൂമി തട്ടിയെടുക്കൽ കേസുകളിലും കുറ്റാരോപിതനാണ്. ഷാജഹാൻ്റെ അറസ്റ്റിനായി നടന്ന പ്രതിഷേധങ്ങൾ വൻ സംഘർഷങ്ങളിലേക്ക് വഴിമാറിയിരുന്നു.
കേന്ദ്ര ഏജൻസികളായ സിബിഐയ്ക്കോ ഇഡിക്കോ ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാമെന്ന് ഇന്നലെ കൽക്കട്ട ഹൈക്കോടതി പറഞ്ഞിരുന്നു. ഷാജഹാനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് മമതാ ബാനർജിക്കെതിരെയും ശക്തമായ ജനവികാരം ഉണ്ടായിരുന്നു. ഷാജഹാൻ്റെ വീട്ടിൽ പരിശോധനക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ തൃണമൂൽ അണികൾ മർദിച്ച ജനുവരി അഞ്ചുമുതൽ സന്ദേശ്ഖാലി സംഘർഷഭരിതമാണ്.
റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഷാജഖാൻ ഷെയ്ഖിനെതിരെ ഇഡി നടപടിയുണ്ടായത്. ഇതേത്തുടർന്ന് ഷാജഖാൻ ഒളിവിൽ പോയതിന് പിന്നാലെയാണ് സ്ത്രീകൾ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഭീഷണിപ്പെടുത്തി തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്നുവെന്നും ജോലിചെയ്യിച്ച ശേഷം കൂലിനൽകാതെ മർദിക്കുന്നെന്നും സ്ത്രീകൾ ആരോപിക്കുന്നു. ഷാജഹാൻ്റെ അനുയായികൾ സ്ത്രീകളെ പാർട്ടി ഓഫീസിൽ കൊണ്ടുപോയി, ദിവസങ്ങളോളം ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നാണ് പ്രദേശത്തെ സ്ത്രീകളുടെ ഗുരുതര ആരോപണങ്ങളിലൊന്ന്.