ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ പ്രതിസന്ധി രൂക്ഷമാക്കി സുഖ്വീന്ദർ സിങ് സുഖു മന്ത്രിസഭയിൽ നിന്ന് വിക്രമാദിത്യ സിങ്ങ് രാജി വെച്ചു. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങിൻ്റെ മകനാണ് വിക്രമാദിത്യ സിങ്. മുഖ്യമന്ത്രിയെ മാറ്റണമെന്ന് വിമത എംഎൽഎമാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ്ങ് രാജി വെച്ചിരിക്കുന്നത്.
രാജിക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ രൂക്ഷ വിമർശനമാണ് വിക്രമാദിത്യ സിങ് നടത്തിയത്. കഴിഞ്ഞ ഒരു വർഷം എംഎൽഎമാരുടെ സ്വരം അടിച്ചമർത്തിയെന്നും എംഎൽഎമാരെ അവഗണിച്ചുവെന്നും വിക്രമാദിത്യ സിങ് ആരോപിച്ചു. അതിൻ്റെ ഫലമാണ് നിലവിലെ പ്രതിസന്ധിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ സ്ഥാനാർഥിയായ മുതിർന്ന നേതാവ് അഭിഷേക് മനു സിങ് വി ബിജെപിയുടെ ഹർഷ് മഹാജനോട് പരാജയപ്പെട്ടിരുന്നു. ആറ് കോൺഗ്രസ് എംഎൽഎമാർ കൂറുമാറി വോട്ടുചെയ്തതോടെയാണ് ബിജെപി സ്ഥാനാർഥി അട്ടിമറി ജയം സ്വന്തമാക്കിയത്. ഹിമാചൽ പ്രദേശിലെ സർക്കാരിനെതിരായി വൈകാതെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ പ്രതികരിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ തോറ്റ സാഹചര്യത്തിൽ മുഖ്യമന്ത്രി സുഖ്വീന്ദർ സുഖു രാജിവെയ്ക്കണമെന്നും ഠാക്കൂർ പറഞ്ഞു.