കോഴിക്കോട്: കേരള പദയാത്രയോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പോസ്റ്ററിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നു. കോഴിക്കോട്ട് നടക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററിലാണ് ജാതി അധിക്ഷേപം. ഉച്ചഭക്ഷണം ‘‘എസ്സി–എസ്ടി നേതാക്കളും ഒന്നിച്ച്’’ എന്നാണ് പോസ്റ്ററിലെഴുതിയത്. എസ്സി, എസ് ടി നേതാക്കളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന് പോസ്റ്ററിൽ പ്രത്യേകം എഴുതിയത് ജാതിബോധത്തിൻ്റെ ഭാഗമായ ചിന്തയിലാണ്. ബിജെപിയുടെ ഔദ്യോഗിക പേജുകളിലും പ്രാദേശിക നേതാക്കളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലുകളിലുൾപ്പെടെ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.
നിരവധി പേരാണ് ഇതിനോടകം പോസ്റ്ററിനെതിരെ വിമർശനമുയർത്തി രംഗത്തെത്തിയത്. ബിജെപിയിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്നും ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ നടക്കുന്നവരുടെ ജാതിവെറിയാണ് പുറത്തുവരുന്നതെന്നും വിമർശനമുണ്ട്. മുതലക്കുളം മൈതാനിയിൽ നടന്ന പരിപാടിയിൽ പതിനായിരം പേർ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടായിരത്തിൽ താഴെയായിരുന്നു പങ്കാളിത്തം.
അതേസമയം കേരള പദയാത്രയോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പോസ്റ്ററിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാപ്പ് പറയണമെന്ന് പട്ടിക ജാതി ക്ഷേമ സമിതി കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ഭരദ്വാജ് ഒ എം പറഞ്ഞു. ജാതി പരാമർശം ഉള്ള നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്തതിലൂടെ ജാതി അധിക്ഷേപം നടത്തുകയാണ് ചെയ്തത്. ബിജെപി പിന്തുടരുന്ന സവർണ്ണ മനോഭാവത്തിൻ്റെ തുടർച്ചയാണ് നോട്ടീസ് വിതരണമെന്നും പി കെ എസ് വിമർശിച്ചു.
ദളിതരെ മാറ്റി നിർത്തണമെന്ന സന്ദേശമാണ് ബിജെപി നൽകുന്നത്. തികഞ്ഞ ജാതി അവഹേളനമാണ് നടത്തിയത്. സവർണ ജാതി ബോധത്തിൻ്റെ തുടർച്ചയാണ് കണ്ടത്. ജാതീയമായി അധിക്ഷേപിക്കുന്ന രീതി ബിജെപി തുടരുന്നു. രാജ്യത്താകമാനം സ്വീകരിക്കുന്ന നിലപാടുകളുടെ തുടർച്ചയാണിതെന്നും അഡ്വ. ഭരദ്വാജ് വ്യക്തമാക്കി.