കാസർകോട്: ഭരണഘടനയിൽ ആർട്ടിക്കിൾ 51 അനുശാസിക്കുന്നത്, ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളർത്തുകയെന്നത് പൗരൻ്റെ കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ചിലർ ആ കാഴ്ചപ്പാടിനെ കാറ്റിൽ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമം നടത്തുകയാണ്. മുപ്പത്തിയാറാമത് കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമം നടത്തുകയാണ്. ഭരണഘടന സ്ഥാനത്തിരിക്കുന്നവർ ഇതിന് നേതൃത്വം നൽകുന്ന ദൗർഭാഗ്യകരമായ കാഴ്ചയാണ് കാണുന്നത്. അതിനാൽ ജാഗ്രതയോടെ മുന്നോട്ട് പോവേണ്ട കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിദ്യാർഥികൾക്കും സംവദിക്കാനും അവരുടെ അറിവുകൾ പങ്കിടാനുമുള്ള വേദിയായ ശാസ്ത്ര കോൺഗ്രസിൽ 424 യുവശാസ്ത്രജ്ഞർ പങ്കെടുക്കും. 362 ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിക്കും. 12 വിഷയങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്ര പ്രബന്ധ / പോസ്റ്റർ അവതരണങ്ങളും ദേശീയ ബാല ശാസ്ത്ര കോൺഗ്രസ് വിജയികളായ ബാലശാസ്ത്രജ്ഞരുടെ പ്രബന്ധാവതരണങ്ങളും ഉണ്ടാകും. ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ശാസ്ത്രജ്ഞരുമായുള്ള സംവാദവും സ്കൂൾ കുട്ടികൾക്കായി ‘വാക്ക് വിത്ത് സയന്റിസ്റ്റ് ” എന്നിവയും ഉണ്ടായിരിക്കും. കാസർകോട് ഗവ. കോളേജിൽ നാലു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര കോൺഗ്രസ് 11ന് സമാപിക്കും.