തിരുവനന്തപുരം: തീരദേശ വികസനത്തിനായി പുതിയ പദ്ധതികൾ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി രൂപ വകയിരുത്തും. തീരദേശത്തുളളവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയായ പുനർഗേഹത്തിന് 40 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതത്തിൻ്റെ ഇരട്ടിയാണ് ഈ വർഷം വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ലൈഫ് പദ്ധതിയിൽ 2025 മാർച്ചിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ചു. പദ്ധതിക്കായി ഇതുവരെ 17,000 കോടി രൂപ ചിലവായി. ഇനി 10000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ കൂടി നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.