മുംബൈ: ശിവസേന ഷിൻഡെ വിഭാഗം നേതാവിനെ പോലീസ് സ്റ്റേഷനിൽ വച്ച് വെടിവച്ച് ബിജെപി എംഎൽഎ. മഹേഷ് ഗെയ്ക്വാദിനാണ് വെടിയേറ്റത്. ഹിൽ ലൈൻ പോലീസ് സ്റ്റേഷനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ക്യാബിനിൽ വച്ചായിരുന്നു വെടിവയ്പ് നടന്നത്. ദീർഘകാലമായി നിലനിന്നിരുന്ന വസ്തു തർക്കത്തിൻ്റെ തുടർച്ചയാണ് വെടിവയ്പിൽ കലാശിച്ചത്. സംഭവത്തിൽ കല്യാണിൽ നിന്നുള്ള ബിജെപി എംഎൽഎ ഗൺപത് ഗെയ്ക്വാദിനെ അറസ്റ്റ് ചെയ്തു.
പോലീസ് സ്റ്റേഷനിൽ എത്തിയ ഇരു വിഭാഗങ്ങളും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിനെ ഗണ്പത് ഗെയ്ക്ക്വാദ് നാല് റൌണ്ട് വെടി മഹേഷ് ഗെയ്ക്ക്വാദിന് നേരെ വയ്ക്കുകയായിരുന്നു. ശിവ സേനാ എംഎൽഎയായ രാഹുൽ പാട്ടീലിനും വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ശിവസേനാ നേതാക്കൾക്ക് താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ ചികിത്സ പുരോഗമിക്കുകയാണ്. വെടിവയ്ക്കാനുപയോഗിച്ച തോക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വെടിവച്ചത് താൻ തന്നെയാണെന്ന് എംഎൽഎ ന്യൂസ് ചാനലുകളോട് പറഞ്ഞു. തൻ്റെ മകനെ മർദിച്ചപ്പോഴാണ് വെടിയുതിർത്തതെന്നും മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ ക്രിമിനലുകളുടെ കൂട്ടം തുടങ്ങാനാണ് ശ്രമിക്കുന്നതെന്നും ഗൺപത് ഗെയ്ക്വാദ് പറഞ്ഞു. സംഭവത്തിൽ ഖേദമില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു.