തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിലെ പരേഡ് വാഹന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. റിപ്പബ്ലിക് ദിനത്തിലെ പരേഡിൽ അഭിവാദ്യം സ്വീകരിക്കാനായി സഞ്ചരിക്കുന്ന വാഹനത്തിൻ്റെ ആർസി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ല. പരിപാടിക്കെത്തുമ്പോൾ സഞ്ചരിക്കുന്ന വാഹനത്തിൻ്റെ വിശദാംശങ്ങൾ പരിശോധിക്കാനാവില്ല. പിടികിട്ടാപ്പുള്ളിയുടെ വണ്ടിയാണെങ്കിലും അതിൽ മന്ത്രിക്കെന്താണ് ഉത്തരവാദിത്വമെന്നും മന്ത്രി ചോദിച്ചു.
എല്ലാ കാര്യവും തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടവും പോലീസുമാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചു എന്നാണ് കലക്ടറും പോലീസും അറിയിച്ചത്. വിവാദമായപ്പോൾ കലക്ടറോട് ഇക്കാര്യം സംസാരിച്ചിരുന്നു.
മന്ത്രിക്ക് ഇതിൽ എന്താണ് റോളെന്ന് വാർത്ത നൽകിയവർ ആത്മ പരിശോധന നടത്തണം. ഏത് വാഹനത്തിൽ കയറിയാലും മന്ത്രിക്ക് എങ്ങനെ ഉത്തരവാദിത്വം ഉണ്ടാകും. ആശയക്കുഴപ്പമുണ്ടാക്കി ചിലരുടെ ചോര കുടിക്കാനുള്ള ലക്ഷ്യമാണിതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. പോലീസ് ജീപ്പ് ഇല്ലാത്തതിനാൽ കലക്ടറുടെ അനുമതിയോടെ വാടകക്കെടുത്ത ജീപ്പിലാണ് മന്ത്രി അഭിവാദ്യം സ്വീകരിക്കാൻ സഞ്ചരിച്ചത്. ആ വാഹനം കരാറുകാന്റെതാണെന്നാണ് ആരോപണം.