തിരുവനന്തപുരം: ശശി തരൂരിനെ തോൽപ്പിക്കാൻ പറ്റില്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാലിൻ്റെ പ്രസ്താവന ബിജെപിയും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധബന്ധത്തെയാണ് വ്യക്തമാക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.
തരൂരിനെ പുകഴ്ത്തിയുള്ള ഒ രാജഗോപാലിൻ്റെ പ്രസ്താവന ഉത്കണ്ഠയുണ്ടാക്കുന്ന രാഷ്ട്രീയ പ്രശ്നമാണ്. ബിജെപി കോൺഗ്രസ് ഐക്യത്തിൻ്റെ ആരംഭമാണ് ശശി തരൂരിനെ ജയിപ്പിക്കണമെന്ന ബിജെപിയുടെ സന്ദേശം. തിരുവനന്തപുരത്ത് ബിജെപിക്ക് സ്ഥാനർത്ഥിയില്ലെന്നാണോ ഒ രാജഗോപാൽ പറയുന്നത്. ശശി തരുരിനെ ജയിപ്പിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. തൃശൂരിൽ ബിജെപിക്ക് അമിതമായ മോഹമാണ്. എന്നാൽ തൃശൂരിൽ ബിജെപി ജയിക്കില്ല. ഇടതുമുന്നണി സ്ഥാനാർഥിക്കാണ് തൃശൂരിൽ വിജയസാധ്യത. നേതാക്കൾ പറയുന്നത് കേട്ട് യൂത്ത് കോൺഗ്രസുകാർ അക്രമസമരത്തിനിറങ്ങരുതെന്നും ഇ പി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ഒ രാജഗോപാൽ പ്രതികരണം നടത്തിയത്. ശശി തരൂരിനെ തിരുവനന്തപുരത്ത് തോൽപ്പിക്കാനാകില്ലെന്ന് രാജഗോപാൽ പറഞ്ഞു. മാത്രമല്ല ബിജെപിയുടെ മുൻ സ്ഥാനാർത്ഥി കൂടിയായ രാജഗോപാൽ തരൂരിനെ പരസ്യമായി പുകഴ്ത്തുകയും ചെയ്തു.