തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടറിയറ്റ് മാർച്ചിനിടെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് പത്തനംതിട്ട അടൂരിലെ വീട്ടിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത രാഹുലിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യംചെയ്യും. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിൽ, എം വിൻസെന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. മാർച്ചിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.