ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്ക് ആശ്വാസം. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നാല് ഹർജികളിൽ വിധി പ്രസ്താവിച്ചത്. വിദഗ്ധ സമിതിയിലെ അംഗങ്ങൾക്ക് അദാനി കമ്പനിയുമായി ബന്ധമില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
സെബിയുടെ അധികാര പരിധിയിൽ ഇടപെടുന്നതിൽ പരിധിയുണ്ടെന്നും കോടതി വ്യക്തമാക്കി. അദാനി ഗ്രൂപ്പിനെതിരെ യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബെർഗിൻ്റെ റിപ്പോർട്ടിലെ ആരോപണങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
കഴിഞ്ഞ വർഷം നവംബറിൽ സുപ്രീം കോടതി കേസ് വിധി പറയാനായി മാറ്റിവെച്ചിരുന്നു. അദാനി ഗ്രൂപ്പിൻ്റെ സാമ്പത്തിക, വ്യാപാര പ്രവർത്തനങ്ങളെ കുറിച്ച് ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്.