തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ പ്രസ്താവനയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളം ഇന്നോളം ആർജ്ജിച്ച മതനിരപേക്ഷത തകർത്ത് കാവിവത്കരണത്തിന് പരസ്യമായി പിന്തുണ നൽകിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഒപ്പമാണോ ഇവിടെയുള്ള ജനാധിപത്യ വിശ്വാസികളായ കോൺഗ്രസുകാരും ലീഗുകാരുമെന്ന് എം വി ഗോവിന്ദൻ ചോദിച്ചു.
ഇടതുപക്ഷത്തിനൊപ്പം വലതുപക്ഷത്തുള്ള മതനിരപേക്ഷ നിലപാടുള്ളവരും ശ്രമകരമായ പ്രവർത്തനം നടത്തിയെടുത്തതാണ് ഇന്നത്തെ കേരളത്തെ. ആ കേരളത്തെ വർഗീയവത്കരിക്കുന്നതിന് ആർഎസ്എസിൻ്റെ ചട്ടുകമായ ഗവർണർക്ക് പരസ്യമായി പിന്തുണ നൽകിയിരിക്കയാണ് കെ സുധാകരൻ. വേണ്ടി വന്നാൽ താൻ ആർഎസ്എസ് ആകും എന്ന് നേരത്തെ പരസ്യപ്പെടുത്തിയ കെ സുധാകരൻ ഇന്ന് ഒരു പടികൂടി കടന്ന് സർവ്വകലാശാലകളിലെ കാവിവത്കരണത്തെ പിന്തുണച്ചിരിക്കുന്നു.
കേരളത്തിലെ സർവ്വകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്ക് പിന്തുണ നൽകിയതിലൂടെ എന്താണ് കെ സുധാകരൻ വ്യക്തമാക്കുന്നത്. ആ നിലപാടാണോ മറ്റ് കോൺഗ്രസുകാർക്കുമുള്ളത്. കോൺഗ്രസിനൊപ്പമുള്ള ലീഗിന് ഇതിൽ അഭിപ്രായമില്ലേ. ആർഎസ്എസിൻ്റെ കൊള്ളാവുന്ന ആളുകളെ നിയമിക്കാമെന്ന നിലപാടാണോ അവർക്കുമുള്ളത്. ഉത്തരേന്ത്യയിൽ കോൺഗ്രസ് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വനിലപാട് തന്നെയാണ് കോൺഗ്രസ് കേരളത്തിലും പിന്തുടരാൻ ശ്രമിക്കുന്നത്. അത്തരത്തിൽ കേരളത്തെ വർഗീയ ശക്തികൾക്ക് വേരോടാനുള്ള വിളനിലമാക്കി മാറ്റുന്നതിനെതിരെ ജനാധിപത്യവിശ്വാസികളായ കോൺഗ്രസുകാർ മുന്നോട്ടുവരണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സർവ്വകലാശാല സെനറ്റിലേക്ക് സംഘപരിവാർ ബന്ധമുള്ളവരെ തെരഞ്ഞെടുക്കുന്നതിനെ കെ സുധാകരൻ പിന്തുണച്ചത്. സംഘപരിവാർ അനുകൂലികളും ജനാധിപത്ത്യത്തിൻ്റെ ഭാഗമാണ്. സംഘപരിവാറുകളെ നോമിനേറ്റ് ചെയ്യുന്നതിന് എന്താണ് തടസമെന്ന് ചോദിച്ച കെ സുധാകരൻ, തങ്ങൾ അതിനെ എതിർക്കുന്നില്ലെന്നും വ്യക്തമാക്കി.