കൊല്ലം: കശുവണ്ടി വ്യവസായത്തിൻ്റെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കശുവണ്ടി. ഫാക്ടറികൾ പൂട്ടിയിടുകയും തൊഴിലാളികൾ പട്ടിണി കിടക്കുകയും ചെയ്ത ഘട്ടത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റതാണ് നമ്മുടെ കശുവണ്ടി മേഖല. 2015 , 2016 ൽ വെറും 56 ദിവസം മാത്രമായിരുന്നു കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിച്ചത്. അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ തുറക്കുമെന്ന വാഗ്ദാനം 2016 ൽ അധികാരത്തിലെത്തിയ ഉടനെ സർക്കാർ നിറവേറ്റിയെന്നും മുഖ്യമന്ത്രി കൊല്ലത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാർത്താസമ്മേളനത്തിൻ്റെ പൂർണ്ണരൂപം
സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കശുവണ്ടി. കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമാണല്ലോ കൊല്ലം. കൊല്ലത്തിന്റെ സാമൂഹ്യ ജീവിതത്തിൽ കശുവണ്ടി വ്യവസായം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.
ഫാക്ടറികൾ പൂട്ടിയിടുകയും തൊഴിലാളികൾ പട്ടിണി കിടക്കുകയും ചെയ്ത ഘട്ടത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റതാണ് നമ്മുടെ കശുവണ്ടി മേഖല. 2015 , 2016 ൽ വെറും 56 ദിവസം മാത്രമായിരുന്നു കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിച്ചത്. അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ തുറക്കുമെന്ന വാഗ്ദാനം 2016 ൽ അധികാരത്തിലെത്തിയ ഉടനെ സർക്കാർ നിറവേറ്റി. വ്യവസായത്തിന്റെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഒട്ടേറെ നടപടികൾ സ്വീകരിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിലും നവീകരണത്തിലും ഒട്ടേറെ നടപടികളുണ്ടായി. ഭാഗിക യന്ത്രവൽക്കരണത്തിന്റെ ഭാഗമായി കട്ടിംഗ് മെഷീനുകൾ സ്ഥാപിച്ചു. തൊഴിൽ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഡൈനിംഗ് ഹാൾ, ഡ്രെസ്സിംഗ്റൂം, വായനാ മുറി, ആധുനിക സൗകര്യങ്ങളോടു കൂടിയ ഇൻസിനേറ്ററുകൾ ഘടിപ്പിച്ച ടോയ്ലെറ്റ് ബ്ലോക്കുകൾ, അന്തരീക്ഷ ഊഷ്മാവ് ക്രമീക്കരിക്കുന്നതിനാവശ്യമായ ടർബോ ഫാൻ, സി.സി.റ്റി.വി സർവ്വയിലൻസ് ക്യാമറകൾ, ചുമട് അനായാസമാക്കുന്ന ഹൈഡ്രോളിക്ക് പുള്ളറ്റ് ട്രെക്കുകൾ, ഷെഡുകളുടെ ഊഷ്മാവ് ക്രമീകരിക്കുന്നതിനുള്ള തെർമൽ സിസ്റ്റം, തൊഴിലാളികളുടെ കുട്ടികൾക്ക് ആവശ്യമായ തൊട്ടിൽപ്പുര എന്നിവ ഉറപ്പാക്കി.
തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനും, കേരളത്തിൽ നിന്ന് നാടൻ തോട്ടണ്ടി സംഭരിക്കുന്നതിനും ക്യാഷ്യു ബോർഡ് രൂപികരിച്ചു. ഇത് വഴി 2017 മുതൽ 63,061 മെട്രിക് ടൺ കശുവണ്ടി ഇറക്കുമതി ചെയ്യുകയും ഇതിനായി 639.42 കോടി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഇനി 5000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് 25 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം 17000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യാൻ 175 കോടി രൂപ ചെലവഴിക്കും. കാഷ്യു ബോർഡ് രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ വാർഷിക സംഭരണമാണിത്. വരും വർഷങ്ങളിൽ 30,000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
2016 നു മുൻപുള്ള 5 വർഷത്തെ ഗ്രാറ്റുവിറ്റി കുടിശ്ശികയുണ്ടായിരുന്നു. ഇപ്പോൾ 84 കോടി രൂപ ചെലവഴിച്ച് തൊഴിലാളികളുടെ 10 വർഷത്തെ ഗ്രാറ്റുവിറ്റി കൊടുത്ത് തീർത്തിട്ടുണ്ട്. ഇക്കഴിഞ്ഞ വർഷം വിരമിച്ച തൊഴിലാളികൾക്ക് വിരമിച്ചപ്പോൾ തന്നെ ഗ്രാറ്റുവിറ്റി നൽകി. കാഷ്യൂ കോർപ്പറേഷൻ രൂപം കൊണ്ടതിനു ശേഷമുള്ള 50 വർഷത്തിനിടയിൽ വിരമിക്കുന്ന തൊഴിലാളികൾക്ക് വിരമിക്കുമ്പോൾ തന്നെ ഗ്രാറ്റിവിറ്റി നൽകിയത് ചരിത്രത്തിലാദ്യമായാണ്. നേരത്തെ ഉണ്ടായിരുന്ന പിഎഫ് കുടിശ്ശികയായ 10 കോടി രൂപ 2023 ൽ സർക്കാർ കൊടുത്തു തീർത്തു.
മേഖലയിലെ സ്വകാര്യ കമ്പനികളെ സഹായിക്കാൻ വായ്പാ തിരിച്ചടവിന്റെ കാര്യത്തിൽ ക്രമീകരണങ്ങളുണ്ടാക്കി. ബാങ്കുകളും വ്യവസായികളും ട്രേഡ് യൂണിയനുകളുമായി നിരവധി ചർച്ചകൾ നടത്തിയാണ് നടപടികളിലേക്കെത്തിയത്.
കശുവണ്ടി വ്യവസായമേഖലയുടെ പുനരുദ്ധാരനത്തിന് 37 കോടി രൂപ അനുവദിച്ചു. ഇതിൽ 20 കോടി രൂപ സ്വകാര്യ മേഖലയിലുൾപ്പെടെയുള്ള തൊഴിലാളികളുടെ ഇ എസ് ഐ, പി എഫ്, മറ്റ് ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്ക്കും 5 കോടി രൂപ തൊഴിലിടം സ്ത്രീ സൗഹൃദമാക്കുന്നതിനും 5 കോടി രൂപ ഷെല്ലിങ്ങ് യൂണിറ്റുകളുടെ നവീകരണത്തിനും ഉപയോഗിക്കും.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കശുവണ്ടി വികസന കോർപ്പറേഷനിൽ 3012 തൊഴിലാളികളെ നിയമിച്ചു. 1000 തൊഴിലാളികളെ കൂടി നിയമിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. തൊഴിലില്ലാത്ത സ്വകാര്യ ഫാക്ടറികളിലെ 250 തൊഴിലാളികൾക്ക് കാപ്പക്സിൽ നിയമനം നൽകിയിട്ടുണ്ട്. തുടർന്നും സമാന രീതിയിൽ തൊഴിലാളികളെ നിയമിക്കും. ഈ മേഖലയെക്കുറിച്ച് വിദഗ്ധ സമിതി പഠിക്കുന്നുണ്ട്. റിപ്പോർട്ട് വന്നാൽ സമഗ്രമായ പരിഷ്കരണം നടപ്പാക്കും.
കെ സ്മാർട്ട്
ഇന്ന് പറയാനുള്ള മറ്റൊരു കാര്യം ഈ പുതുവത്സര ദിനത്തിൽ സർക്കാർ ആരംഭിക്കാനുദ്ദേശിക്കുന്ന കെ സ്മാർട്ട് പദ്ധതിയെക്കുറിച്ചാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് എന്ന സംയോജിത സോഫ്റ്റ് വെയർ ആണ് ജനുവരി ഒന്ന് മുതൽ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും പ്രവർത്തനമാരംഭിക്കുക. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും.
ചില സവിശേഷതകൾ :
ചട്ടപ്രകാരമുള്ള അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ ബിൽഡിംഗ് പെർമിറ്റുകൾ ഓൺലൈനായി ലഭ്യമാവും.
ജനന-മരണ രജിസ്ട്രേഷൻ രജിസ്ട്രേഷൻ, തിരുത്തൽ എന്നിവ ഓൺലൈനായി ചെയ്യാം.
സർട്ടിഫിക്കറ്റുകൾ ഇ-മെയിലായും വാട്സപ്പിലൂടെയും ലഭ്യമാവും.
എവിടെ നിന്നും ഓൺലൈനായി വിവാഹ രജിസ്ട്രേഷൻ സാധ്യമാവും. ഇത് ഇന്ത്യയിൽ തന്നെ ആദ്യമാണ്.
രേഖകൾ ഓൺലൈനായി സമർപ്പിച്ച് സംരംഭകർക്ക് ലൈസൻസ് ഓൺലൈനായി സ്വന്തമാക്കി വ്യാപാര- വ്യവസായ സ്ഥാപനം ആരംഭിക്കാം.
കെട്ടിട നമ്പർ ലഭിക്കുക, കെട്ടിട നികുതി അടക്കുക തുടങ്ങിയവ ഓൺലൈനായിരിക്കും.
പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും അവ പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം കെ-സ്മാർട്ടിൽ ഒരുക്കിയിട്ടുണ്ട്.
തദ്ദേശ ഭരണ സംവിധാന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും, അപേക്ഷ തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാനതലത്തിലും ഡാഷ് ബോർഡുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഓഡിറ്റ് സംവിധാനവും ഡിജിറ്റലൈസ് ചെയ്തതിലൂടെ തദ്ദേശ സ്വയംഭരണസ്ഥാ പനങ്ങളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കപ്പെടും.
ഈ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാകുന്ന കെ-സ്മാർട്ട് മൊബൈൽ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പൊതുജനങ്ങൾക്ക് ഓഫീസ് കയറിയിറങ്ങാതെ എല്ലാ സേവനങ്ങളും സ്മാർട്ട് ഫോൺ മുഖേന നേടാനാവും. ആദ്യം നഗരങ്ങളിൽ നടപ്പാകുന്ന കെ-സ്മാർട്ട്, 2024 ഏപ്രിൽ 01 മുതൽ ഗ്രാമപഞ്ചായത്തുകളിലും വ്യാപിപ്പിക്കും. അതോടുകൂടി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഏകീകൃത സോഫ്റ്റ് വെയർ സംവിധാനം നിലവിൽ വരും.
നവകേരള സദസ്സിന്റെ ഭാഗമായി ഇന്നലെ കൊല്ലം ജില്ലയിൽ ലഭിച്ച നിവേദനങ്ങൾ
കുന്നത്തൂർ 5454
കൊട്ടാരക്കര 3674
പുനലൂർ 4089
പത്തനാപുരം 3619