ന്യൂഡൽഹി: ഗവർണർ പദവിയിൽ തുടരാൻ യോഗ്യനല്ല ആരിഫ് മുഹമ്മദ് ഖാനെന്ന് അദ്ദേഹം സ്വയം തെളിയിച്ചതായി സിപിഎം പോളിറ്റ് ബ്യൂറോ. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തിലല്ല പെരുമാറേണ്ടതെന്നും പിബി പ്രസ്താവനയിൽ വ്യക്തമാക്കി
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കേരള സർക്കാരനെതിരെ രാഷ്ട്രീയ ആക്രമണവും അംഗീകരിക്കാനാകാത്ത വിധമുള്ള പെരുമാറ്റവും സ്വീകരിക്കുക വഴി ഗവർണർ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. ‘ സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നതിന് തുടക്കമാകുന്നു’ എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവനയായി പുറത്തുവന്നിരിക്കുന്നത്.സംസ്ഥാനത്തിനെരായ ഇത്തരം ഭീഷണികളൊക്കെ ജനം ഉടനടി തള്ളിക്കളയുക തന്നെ ചെയ്യും – പിബി പറഞ്ഞു
ആർഎസ്എസ് നോമിനികളെ കാലിക്കറ്റ്-കേരള സർവകലാശാലകളിൽ തിരുകിക്കയറ്റിയതിന് പിന്നാലെ വിദ്യാർഥികളുടെ പ്രതിഷേധം നേരിടുകയാണ് ഗവർണറിപ്പോൾ. സർവകലാശാല ചാൻസലർ പദവി ദുരുപയോഗം ചെയ്താണ് ഇത്തരം ഒരു പ്രവൃത്തി അദ്ദേഹം ചെയ്തത്.
വിദ്യാർഥികൾക്ക് സമാധാനമായി പ്രതിഷേധം നടത്താമെന്ന ജനാധിപത്യ അവകാശം നിലനിൽക്കെ, പ്രതിഷേധത്തിൻ്റെ പേരിൽ കേരള മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹമെന്നും പിബി വ്യക്തമാക്കി