ന്യൂഡൽഹി: പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച. ലോക്സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ട് പേർ നടുത്തളത്തിലേക്ക് ചാടി. കേന്ദ്ര സർക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേർ എംപിമാർക്കിടയിലേക്ക് ചാടിയത്. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. നടുത്തളത്തിലേക്ക് ചാടിയവർ എം പി മാരുടെ കസേരകൾക്ക് മുകളിലൂടെ ചാടി പുക വമിപ്പിച്ചു. പ്രതിഷേധിച്ച ഇരുവരേയും എം പി മാരും സുരക്ഷാ സേനയും ചേർന്ന് പിടികൂടി.
യെല്ലോ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാർ പറയുന്നത്. പാർലമെന്റ് ആക്രമണത്തിൻ്റെ വാർഷിക ദിനത്തിലാണ് പുതിയ പാർലമെന്റിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. പാർലമെൻ്റിന് പുറത്തും ഇതേ സമയം തന്നെ പുക വമിപ്പിച്ച് പ്രതിഷേധമുണ്ടായെന്നാണ് വിവരം. ഷൂവിനകത്ത് നിന്നാണ് പുക ഉപകരണം എടുത്തത്. അതിക്രമം നടത്തിയവരെ കസ്റ്റഡിയിലെടുത്തു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ് പാർലമെന്റില്‍ സുരക്ഷാ വിന്യാസം കൂട്ടി. മൈസുരുവിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹ നൽകിയ പാസ് ഉപയോഗിച്ചാണ് അക്രമികൾ പാര്‍ലമെന്റിൻ്റെ അകത്തേക്ക് കയറിയത്.