ന്യൂഡൽഹി: രാജ്യത്ത് അഞ്ചുവർഷത്തിനിടെ ഉന്നത വിദ്യാഭ്യാസം നിർത്തേണ്ടി വന്നത് 13,000 എസ്സി, എസ്ടി, ഒബിസി വിദ്യാർഥികൾക്കെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര സർവകലാശാലകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) എന്നിവിടങ്ങളിൽനിന്നുള്ള കണക്കാണിത്. അഞ്ചുവർഷത്തിനിടെ 4596 ഒബിസി വിദ്യാർഥികളും 2424 എസ്സി, 2622 എസ്ടി വിദ്യാർഥികളും കേന്ദ്ര സർവകലാശാലകളിൽനിന്ന് പുറത്തായി. ഇതേ കാലയളവിൽ 2066 ഒബിസി വിദ്യാർഥികൾക്കും 1068 എസ്സി, 408 എസ്ടി വിഭാഗക്കാർക്കും ഐഐടിയിൽ പഠനം പൂർത്തിയാക്കാനാകാതെ കോഴ്സുകൾ അവസാനിപ്പിക്കേണ്ടിവന്നു. ഐഐഎമ്മുകളിൽ ഇത് യഥാക്രമം 163, 188, 91 എന്നിങ്ങനെയാണ്.
ബിഎസ്പി അംഗം രൂപേഷ് പാണ്ഡെയ്ക്ക് ലോക്സഭയിൽ വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാരാണ് മറുപടി നൽകിയത്. ദേശീയ നിയമ സർവകലാശാലയിലെ കണക്കുകൾ ഇല്ലെന്നും മന്ത്രി പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ മോശം സാമ്പത്തിക പശ്ചാത്തലമുള്ള വിദ്യാർഥികളുടെ ഫീസ് കുറയ്ക്കൽ, സ്കോളർഷിപ് തുടങ്ങിയവ ചെയ്യുന്നുണ്ടെന്നും യുജിസിയും നടപടി സ്വീകരിക്കുന്നെന്നും മന്ത്രി പറഞ്ഞു.