ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ബില്ലുകൾ പിടിച്ചുവെക്കാൻ അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു.സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടിക്കെതിരെ കേരളം നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ഗവർണർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റിയില്ലെങ്കിൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും. ഇല്ലെങ്കിൽ ജനങ്ങൾ ഞങ്ങളോട് ചോദിക്കും- കോടതി പറഞ്ഞു. കേരളത്തിൻ്റെ ഹർജി തള്ളണമെന്ന ഗവർണറുടെയും കേന്ദ്രസർക്കാരിൻ്റെയും ആവശ്യം സുപ്രീംകോടതി തള്ളി. ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട സാഹചര്യത്തിൽ ഹർജി തള്ളണമെന്ന് അറ്റോണി ജനറൽ ആർ വെങ്കടരമണി ശക്തമായി വാദിച്ചെങ്കില്ലും സുപ്രീം കോടതി ആവശ്യം തള്ളുകയായിരുന്നു. ഗവർണറുടെ അധികാര പ്രയോഗം സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം വേണമെന്ന കേരളത്തിന്റെ ആവശ്യവും സുപ്രീം കോടതി പരിഗണിക്കും.