നവകേരള സദസിലേക്ക് മകനൊപ്പം എത്തിയ വൃദ്ധമാതാവിൻ്റെ ജീവിതാനുഭവവും പ്രതീക്ഷയും പങ്കു വെച്ച് വൈകാരിക കുറിപ്പുമായി മധുസൂദനൻ പന്തീർപ്പാടം. നവകേരള സദസ് ഒരു പാർട്ടി പരിപാടിയോ മുന്നണിയുടെ ശക്തി പ്രകടനമോ ആയി മനുഷ്യരാരും കാണുന്നില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. നവകേരള സദസിൽ മുഖ്യമന്ത്രിക്കു മാത്രം തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങളും പരാതിയായി വരുന്നുണ്ട്.
ഫെയ്സ് ബുക്ക് കുറിപ്പ്:
” നവകേരള സദസ്സ് ഒരു പാർട്ടി പരിപാടിയായി എനിക്ക് തോന്നിയിട്ടില്ല. ഇതൊരു മുന്നണിയുടെ ശക്തി പ്രദർശന വേദിയായി അവിടെ വന്ന മനുഷ്യരാരും കാണുന്നുമില്ല. തെരഞ്ഞെടുക്കപ്പെട്ട ഗവർമെന്റ് ജനങ്ങളോട് നേരിട്ട് സംവദിക്കയാണ്. എല്ലാവിധ കക്ഷി രാഷ്ട്രീയ ബോധമുളളവരും അവിടെ എത്തുന്നുണ്ട്. പരാതികളും ആക്ഷേപങ്ങളും ആവലാതികളും ബോധിപ്പിക്കുന്നുണ്ട്. അതിനുള്ള അവസരവും നവകേരള സദസ്സിലുണ്ട് എന്നതാണ് അതിന്റെ ഒരു സവിശേഷത.
“ഞങ്ങൾ നിങ്ങളെ സഹായിക്കാം ”
എന്ന ബാനറിനു കീഴിൽ ഇരുപത്തിഅഞ്ചോളം മനുഷ്യർ ഇരിക്കുന്നു. പരാതി മനസ്സിൽ എഴുതി വരുന്നവർ പറയുന്ന കാര്യങ്ങൾ കടലാസിലേക്ക് മാറ്റുകയാണ്. സജീഷ് നാരായൺ മാഷ് ഇരിക്കുന്നതിന്റെ സമീപം ഒരു കസേരയിൽ ഞാനുമിരുന്നു. കന്ദമംഗലം HSS ന്റെ പി.ടി.എ പ്രസിഡണ്ട് ഫൈസൽ, “എന്തെങ്കിലും ഒരു പണി എടുത്തുടേ മനുഷ്യാ നിങ്ങൾക്ക് ….” എന്ന് രൂക്ഷമായി ശാസിച്ചപ്പോഴാണ് ഞാൻ അവിടെ ഇരുന്നത് എന്നതാണ് സത്യം. ആളുകൾ വന്ന് അവരുടെ ആവശ്യങ്ങൾ മുഴുവൻ പറയും അത് കേട്ട് ചുരുക്കി , എല്ലാം ഉൾക്കൊളളിച്ച് അപേക്ഷയാക്കി മാറ്റണം. അതാണ് പണി. മിക്കവരും പരാതി എഴുതി തയ്യാറാക്കി വന്നവരാണ്. അവര് നേരെ പോയി പരാതി കൊടുക്കും. എല്ലാ പ്രയാസങ്ങളും എങ്ങനെ ഭാഷയിലാക്കും എന്നറിയാത്തവരാണ് ഞങ്ങളെ സമീപിക്കുന്നത്.
വീട് വേണ്ടവർ, കടം എഴുതി തളളണം എന്ന ആവശ്യക്കാർ, ഇരുടായാൽ ഭർത്താവിന്റെ അത്യാശ്ചര്യകരമായ ‘ സ്നേഹത്താൽ ‘ ശ്വാസം മുട്ടുന്ന വീട്ടമ്മമാർ, വില്ലേജ് ഓഫീസിൽ ഒരു കുട്ടിച്ചാക്ക് നിറച്ച് അപേക്ഷയുമായി വന്ന് സാധാരണക്കാർക്ക് ഒരാവശ്യവും നടത്താൻ കഴിയാത്ത വിധം പെരുമാറുന്ന മഹാ അലമ്പുകളായ ഏജന്റുമാരെ ഒരരുക്കാക്കണം എന്ന് പറയുന്നവർ, വീടിന്റെ പണി മുഴുവൻ തീർത്ത് ഗാർഡനും സെറ്റ് ചെയ്ത് ഹൗസ് വാമിങിന് ക്ഷണക്കത്തും നാട്ടിലാകെ കൊടുത്ത് കഴിഞ്ഞപ്പോൾ മാത്രം വീടിന്റെ പ്ലാൻ പാസായിട്ടില്ലെന്നും വീട് ഉണ്ടാക്കിയ സ്ഥലം തണ്ണീർതടത്തിൽ പെട്ടതാണെന്നും മനസിലാക്കിയവർ, പട്ടയം കിട്ടാൻ ഓഫീസിൽ കയറിയിറങ്ങി വട്ടംചുറ്റിപ്പോയവർ, സഞ്ചരിക്കുന്ന വിദേശ മദ്യഷാപ്പുകളെ കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാർ, ശമ്പള വർദ്ധനവ് ആവശ്യപ്പെടുന്ന ഹരിത കർമ സേനാഗംങ്ങൾ, എന്ന് തുടങ്ങി ബഹുവിധ മനുഷ്യർ വന്നുകൊണ്ടേയിരിക്കുന്നു.
ഈ സ്ഥലത്തേക്കാണ് ക്യാമറയുമായി പത്രപ്രവർത്തകൻ വരുന്നത്. ക്യാമറ മുന്നിൽ സെറ്റ് ചെയ്ത് ലേഖകൻ ചോദിക്കുന്നു.
“എന്തിനാണ് നിങ്ങൾ ഇത്രയും ആളുകൾ പരാതി എഴുതി കൊടുക്കാൻ ഇരിക്കുന്നത്. ”
അധ്യാപകൻ: സകല മനുഷ്യരുടെയും പരാതി അധികാരികൾക്ക് മുന്നിലെത്തിക്കണം എന്നത് കൊണ്ട് തന്നെ ”
ലേഖകൻ: ഈ പരാതികൾക്കൊക്കെ എന്ന് പരിഹാരം ഉണ്ടാകും?.
അധ്യാപകൻ: അത് മന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്.
ലേഖകൻ: എന്താണ് വ്യക്തമാക്കിയത് ?
അധ്യാപകൻ: പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഉടൻ തീർപ്പാക്കേണ്ടത് അങ്ങനെ ചെയ്യും. പരാതികൾ അവയുടെ സ്വഭാവം നോക്കി വിവിധ വകുപ്പുകളുടെ മേലധികാരികളുടെ അടിയന്തിര ഇടപെടലിന് നൽകും.
ലേഖകൻ: ഉദ്യോഗസ്ഥൻമാർ പണിയെടുക്കാത്തത് കൊണ്ടല്ലേ മന്ത്രിമാർക്ക് ജനങ്ങൾ നേരിട്ട് പരാതി കൊടുക്കേണ്ടി വരുന്നത് ?.
അധ്യാപകൻ: നിങ്ങൾ ഈ പരാതി ഒന്ന് വായിച്ചു നോക്കൂ. ഏത് ഉദ്യോഗസ്ഥനാണ് ഇതിൽ നടപെടി എടുക്കാൻ കഴിയുക. ഇത്തരം പരാതിയിൽ മുഖ്യമന്ത്രിക്ക് മാത്രമേ തീരുമാനം എടുക്കാൻ കഴിയൂ.
പരാതി വായിച്ച് കേട്ടപ്പോൾ ലേഖകനും ക്യാമറാമാനും പെട്ടന്ന് അവിടം വിട്ടു.
ആ പരാതി എഴുതി തയ്യാറാക്കിയത് ഞാനാണ്. അതീവ സങ്കടകരമായ പരാതിയാണ്. എന്തുകൊണ്ടാണ് അവർ എന്നെത്തന്നെ എഴുതാൻ തിരഞ്ഞെടുത്തത് എന്ന് ആരു കണ്ടു?. 78 വയസായ ഒരു സ്ത്രീയാണവർ. മെലിഞ്ഞ് വല്ലാതെ ക്ഷീണിച്ച രൂപം. മഞ്ഞ പോളിസ്റ്റർ സാരിയാണ് വേഷം. കൂടെ ഒരു ചെറുപ്പക്കാരനുണ്ട്. പാന്റസും ടീ ഷർട്ടും ധരിച്ച ചെറുപ്പക്കാരൻ മകനാണ്. മകനെ അടക്കിയിരുത്താനും കൺമുന്നിൽ നിന്ന് മാറി പോകാതിരിക്കാനും അവർ നന്നായി ശ്രമിക്കുന്നുണ്ട്. അവർ പേര് പറഞ്ഞു. സവർണരാണ്.
42 വയസുള്ള മകൻ ഡിഫ്രണ്ട്ലി ഏബിളാണ്. അവരുടെ ഭർത്താവ് 20 വർഷം മുമ്പ് മരിച്ചു. ഭർത്താവിന്റ മരണത്തോടെ കുടുംബത്തിന്റെ ബാലൻസ് തെറ്റി. വരുമാനം നിലച്ചു. ഇപ്പോൾ കൂടെ കൊണ്ടുവന്ന മകന്റെ കൂടെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ മറ്റൊരാളും പിറന്നിട്ടുണ്ട്. ഇരട്ടകൾ. ഇരട്ടകളിൽ ഒരാൾ ചലന ശേഷി നഷ്ടപ്പെട്ട് വീട്ടിൽ കിടപ്പിലാണ്. ഒരു മകളുണ്ടായിരുന്നു. വിവാഹം ചെയ്തയച്ചു. 42 വയസ്സുള്ള ഭിന്ന ശേഷിക്കാരായ ഇരട്ടക്കുട്ടികളെ ഓർത്ത് നെഞ്ച് പിടഞ്ഞ് കരയുകയാണ് ആ വൃദ്ധ സ്ത്രീ. അവരുടെ കാലശേഷം ഈ ആൺകുട്ടികളെ ആര് സംരക്ഷിക്കും?.
മക്കൾക്ക് എത്ര പ്രായമായാലും അമ്മമാർക്കവർ ഉണ്ണികൾ തന്നെയാണ്.
“നിങ്ങൾക്ക് എന്തെങ്കിലും ജോലി ഉണ്ടായിരുന്നോ….?” ഞാൻ ചോദിച്ചു.
“ഞാൻ ടീച്ചറായിരുന്നു ” .
എവിടെ ?
“ഡിഫ്രണ്ട്ലി ഏബിളായ കുട്ടികളെ പഠിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഒരു സ്വകാര്യ
സ്ഥാപനത്തിൽ . ആ ജോലി ഞാൻ എഴുപത്തി എട്ടാം വയസ്സിൽ ഇപ്പോഴും ചെയ്യുന്നുണ്ട്. സ്ഥാപനം എന്റെ വീടാണ്.കുട്ടികൾ എന്റേതാണെന്ന് മാത്രം”
ഇത്രയും കേട്ടപ്പോൾ ഒന്നും എഴുതാൻ കഴിയാതെ ഞാൻ തളർന്നു പോയി. അവർ നരച്ച പോളിസ്റ്റർ സാരി കൊണ്ട് മുഖം തുടച്ചു.
“ഒന്നു വേഗം എഴുതൂ ….. മറ്റേ കുട്ടി വീട്ടിൽ തനിച്ചാണ് “.
കണ്ണ് നിറഞ്ഞതിനാൽ ഒന്നും കാണുന്നില്ലെങ്കിലും ഞാൻ എഴുത്ത് തുടർന്നു. അവർ പറയാൻ തുടങ്ങി. ഞാൻ എഴുതാനും.
” 2011-ൽ വീട് വെക്കാൻ ബാങ്കിൽ നിന്നും കടം എടുത്തിരുന്നു. രണ്ട് ലക്ഷത്തി അമ്പതിനായിരം. അതിപ്പോൾ അഞ്ച് ലക്ഷത്തിനടുത്തായിട്ടുണ്ടാവും. ആദ്യമൊക്കെ പണം ഞാൻ അടച്ചിരുന്നു. ഇപ്പോൾ അടക്കാറില്ല. എന്നെക്കൊണ്ട് ഇനി അടക്കാൻ കഴിയില്ല. എനിക്ക് പെൻഷനില്ല. സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. വിധവാ പെൻഷൻ കിട്ടുന്നത് കൊണ്ടാണ് ജീവിക്കുന്നത്. ബാങ്കിലെ കടം വീട്ടാൻ എനിക്ക് കഴിയില്ല. അല്ലങ്കിൽ ഇവന് എന്തെങ്കിലും ഒരു ജോലി ലഭിക്കണം ! …… പറഞ്ഞാൽ എന്ത് ജോലിയും ഇവൻ ചെയ്യും!….. ദയവ് ചെയ്ത് ഞങ്ങളെ സഹായിക്കണം.”
ഇടി വെട്ടേറ്റ പോലെ ഒരോ വാക്കുകളും കേട്ട് തരിച്ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. എങ്ങനെയാണ് ആ അപേക്ഷ എഴുതി അവസാനിപ്പിച്ച് അവരെ വായിച്ച് കേൾപ്പിച്ചതെന്ന് എനിക്കറിയില്ല.
ഞാൻ വായിക്കുമ്പോൾ അവർ മകന്റെ കൈ പിടിച്ച് തടവി കൊണ്ടിരുന്നൂ ആ ഇരട്ട കുട്ടികളുടെ അമ്മ ” .