തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ മൂക്ക് കയറിട്ടു നിർത്താനുള്ള ശ്രമമാണ് എറണാകുളം ജില്ലയിലെ പറവൂർ മുനിസിപ്പാലിറ്റിക്കെതിരായ പ്രതിപക്ഷ നേതാവിൻറെയടക്കം നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭ ഏകകണ്ഠമായി എടുത്തതാണ് നവകേരള സദസ്സിന് ഒരു ലക്ഷം രൂപ നൽകാനുള്ള തീരുമാനം. അങ്ങനെ പണം നൽകിയാൽ സ്ഥാനം തെറിപ്പിക്കുമെന്ന ഭീഷണി ഉയർത്തുന്നത് ഒരുതരത്തിലും നാടിന് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പറവൂരിൽ നിന്നുള്ള എം എൽ എ കൂടിയായ പ്രതിപക്ഷ നേതാവിൻ്റെ അപക്വമായ നടപടി സാധാരണ രീതിയിൽ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.
മുനിസിപ്പൽ ചെയർ പേഴ്സണെ ഭീഷണിപ്പെടുത്തി കൗൺസിൽ വിളിപ്പിച്ച് തീരുമാനം പിൻവലിപ്പിച്ചു എന്നാണ് വാർത്ത. എന്നാൽ, നേരത്തെ തന്നെ ഔദ്യോഗികമായി അംഗീകരിച്ച തീരുമാനം നടപ്പാക്കി, പണം കൈമാറാനാണ് മുനിസിപ്പൽ സെക്രട്ടറി സന്നദ്ധനായത്. അതിൻ്റെ പേരിൽ അദ്ദേഹത്തെ വിടാതെ പിന്തുടരുമെന്ന ഭീഷണി ഉയർന്നതായും കേൾക്കുന്നു.
ഇതിൽ രണ്ടു ഗൗരവ പ്രശ്നങ്ങളുണ്ട്. ഒന്ന്, പ്രാദേശിക ഭരണ സംവിധാനത്തെ സങ്കുചിത ദുഷ്ടലാക്കോടെ ജനാധിപത്യ വിരുദ്ധ രീതിയിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നത്. രണ്ട്: നേതൃത്വം എടുത്ത ബഹിഷ്കരണ തീരുമാനം കോൺഗ്രസ്സിൻ്റെ തന്നെ പ്രാദേശിക ജനപ്രതിനിധികൾ ഉൾപ്പെടെ അംഗീകരിക്കുന്നില്ല എന്നത്. സ്വന്തം പാർട്ടിക്കാരെ പോലും ബോധ്യപ്പെടുത്താനാവാത്ത തീരുമാനമാണ് ഇതിന്റെ ഭാഗമായി സ്വീകരിച്ചത്.
ഇന്നലെ പര്യടനം നടത്തിയ വയനാട് ജില്ലയിലെ മൂന്നു മണ്ഡലങ്ങളിൽ രണ്ടെണ്ണം യു.ഡി.എഫ് എം എൽ എ മാരുള്ളവയാണ്. സുൽത്താൻ ബത്തേരിയിലെയും കൽപ്പറ്റയിലെയും എം എൽ എ മാരേ വരാതിരുന്നുള്ളൂ. നാടിനെ സ്നേഹിക്കുന്ന ജനസഹസ്രങ്ങൾ ആവേശത്തോടെ പങ്കെടുത്തു. മാനന്തവാടിയിൽ ആവേശകരമായ ജനക്കൂട്ടമാണ് നവകേരള സദസ്സിൽ അണിനിരന്നത്.
ഏറ്റവും കൂടുതൽ യാതനകൾ അനുഭവിച്ച ജനതയുടെ കൂടി മണ്ണാണ് വയനാട്. ആ ജില്ലയിൽ ഇത്രയേറെ ജനങ്ങൾ നവകേരള സദസ്സിൽ പങ്കെടുക്കാൻ ഇടയാക്കിയ കാരണങ്ങൾ എന്തൊക്കെയാണ്? ആ പരിശോധനയിൽ തെളിയുക സംസ്ഥാന സർക്കാർ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന കാര്യങ്ങൾ തന്നെയാണ്. അതുകൊണ്ട് കൂടിയാണ് ഇത്രയും ജനങ്ങൾ പരിപാടികളിൽ പങ്കെടുക്കുന്നത്.
അതിൻറെ ഒരുദാഹരണം മാത്രം പറയാം. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിംഗ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം എന്ന വാർത്ത കഴിഞ്ഞ ദിവസം വന്നു. 2023-24 സാമ്പത്തിക വർഷത്തെ ആദ്യ ആറു മാസത്തെ സോഷ്യൽ ഓഡിറ്റ് സംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച്, കേരളം 99.5 % പഞ്ചായത്തുകളുടെയും സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കി.
നവംബർ 10 വരെയുള്ള കണക്കനുസരിച്ച് രണ്ടാം സ്ഥാനത്തുള്ള ബിഹാറിനു 64.4%വും മൂന്നാം സ്ഥാനത്തുള്ള ജമ്മു കശ്മീരിനു 64.1% വും നാലാമതുള്ള ഒഡീഷയ്ക്ക് 60.42% വും മാത്രമേ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. കേരളത്തിന് പുറമേ മൂന്നു സംസ്ഥാനങ്ങൾ മാത്രമാണ് 60%ത്തിലധികം പുരോഗതി കൈവരിച്ചിട്ടുള്ളത്. തൊഴിലുറപ്പു പദ്ധതി സുതാര്യവും കാര്യക്ഷമവുമായി നടത്തുന്നതിൽ കേരളം രാജ്യത്തിനു മാതൃകയാണെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.
ഗ്രാമസഭകളുടെ സോഷ്യൽ ഓഡിറ്റ് കർക്കശമായി നടത്തുക മാത്രമല്ല, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, വനിതാ സ്വയം സഹായ സംഘങ്ങൾ, വില്ലേജ് മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, പ്രാദേശിക മാധ്യമ പ്രവർത്തകർ തുടങ്ങി എല്ലാവരുടേയും പങ്കാളിത്തം ഈ പബ്ലിക് ഹിയറിംഗ് യോഗങ്ങളിൽ ഉറപ്പു വരുത്തുന്നുമുണ്ട്. 2023-24 വർഷത്തിൽ ആദ്യ പാദത്തിൽ നടന്ന സോഷ്യൽ ഓഡിറ്റ് ഗ്രാമസഭകളിൽ 8,52,245 പേരാണ് പങ്കെടുത്തത്.
വാർഡ് തല ഗ്രാമസഭകൾ നടത്തുന്നതിനുപുറമെ, ഓഡിറ്റ് റിപ്പോർട്ടുകൾ പൊതുജന പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പഞ്ചായത്ത് തലത്തിൽ പബ്ലിക് ഹിയറിംഗുകളും (ജനകീയ സഭകൾ) നടത്തുന്ന ഏക സംസ്ഥാനമാണിത്. മറ്റ് സംസ്ഥാനങ്ങളിൽ, ബ്ലോക്ക് തലത്തിൽ മാത്രമാണ് ഇത്തരം പൊതു സൂക്ഷ്മപരിശോധന നടത്തുന്നത്. ഈ വർഷം ആദ്യപാദത്തിൽ നടന്ന സോഷ്യൽ ഓഡിറ്റ് പബ്ളിക് ഹിയറിംഗുകളിൽ പങ്കെടുത്തത് 1,05,004 പേരാണ്. ഏതു ഡ്രോൺ പറത്തി നിരീക്ഷിച്ചാലും അതിനും മേലെയാണ് കേരളം നിൽക്കുന്നത് എന്നർത്ഥം.
തൊഴിലുറപ്പിൽ ഡ്രോൺ പറത്തിയില്ല, കേരളത്തെ പറപ്പിച്ച് കേന്ദ്രം. എന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു പത്രം നൽകിയ വാർത്ത. എന്നാൽ ഡൽഹിയിൽ നടന്ന മിഡ് ടേം റിവ്യൂ മീറ്റിങ്ങിലും, കേരളത്തിൻറെ ലേബർ ബഡ്ജറ്റ് പുതുക്കുന്നതിനുള്ള എംപവേർഡ് കമ്മിറ്റി മീറ്റിങ്ങിലും തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ ഘടകങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ നല്ലരീതിയിൽ അഭിനന്ദിക്കപ്പെടുകയാണ് ചെയ്തത്.
ഇടതുപക്ഷം മുന്നോട്ടുവച്ച പൊതു മിനിമം പരിപാടിയുടെ ഭാഗമായി 2005ൽ ഒന്നാം യുപിഎ സർക്കാർ ആരംഭിച്ച തൊഴിലുറപ്പു പദ്ധതിയെ എങ്ങനെ അട്ടിമറിക്കാമെന്നാണ് കേന്ദ്ര സർക്കാർ നോക്കുന്നത്. കേന്ദ്ര സർക്കാർ ഓരോ വർഷവും തൊഴിൽ ദിനങ്ങൾ കുറച്ചു കൊണ്ടുവരാനാണ് ശ്രമം. 2020-21 ൽ കേരളത്തിനു 10 കോടിയോളം തൊഴിൽ ദിനങ്ങൾ ആയിരുന്നു അനുവദിച്ചതെങ്കിൽ 2023-24ൽ അത് 6 കോടിയാക്കി ചുരുക്കി. എന്നാൽ അവ ഈ സമയത്തിനുള്ളിൽ തന്നെ തീർത്ത് കൂടുതൽ തൊഴിൽ ദിനങ്ങൾ അനുവദിക്കാൻ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നു 6 കോടിയെന്നത് 8 കോടിയായി വർദ്ധിപ്പിച്ചു തരികയുണ്ടായി. തൊഴിലുറപ്പു പദ്ധതിയോടുള്ള സംസ്ഥാന സർക്കാരിൻറെ പ്രതിബദ്ധതയ്ക്ക് ഇതിലും നല്ല എന്ത് ഉദാഹരണമാണ് വേണ്ടത്?
പദ്ധതിക്കായുള്ള കേന്ദ്ര ബജറ്റ് വിഹിതത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2020-21 ൽ 1,12,000 കോടി രൂപയായിരുന്നു തൊഴിലുറപ്പ് പദ്ധതിക്കായി വിനിയോഗിച്ചതെങ്കിൽ 2023-24ൽ അത് 60,000 കോടി രൂപയായി കുറച്ചു. കേന്ദ്രം എത്രയൊക്കെ തളർത്താൻ ശ്രമിച്ചിട്ടും സംസ്ഥാന സർക്കാർ ആകാവുന്നതെല്ലാം ചെയ്തു തൊഴിലുറപ്പു പദ്ധതിയെ മുന്നോട്ടു കൊണ്ടുപോവുകയാണ്. ദേശീയ തലത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു കുടുംബത്തിനു ശരാശരി 50 തൊഴിൽ ദിനങ്ങൾ മാത്രം ലഭിച്ചപ്പോൾ കേരളത്തിൽ 64 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാൻ സാധിച്ചു.
നൂറുദിവസം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ ശരാശരി ദേശീയ തലത്തിൽ 8 ശതമാനമാണ്. കേരളത്തിൽ അത് 31 ശതമാനമാണ്. പട്ടികവർഗ്ഗ കുടുംബങ്ങളുടെ തൊഴിൽ ദിനങ്ങളുടെ ദേശീയ ശരാശരി 57 ആണെങ്കിൽ കേരളത്തിൻറേത് 86 ആണ്. സംസ്ഥാന ഖജനാവിൽ നിന്ന് പണം വിനിയോഗിച്ച് പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 100 അധിക തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്.
തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുന്ന തൊഴിലാളികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ക്ഷേമനിധിയ്ക്ക് കേരള സർക്കാരാണ് തുടക്കം കുറിച്ചത്. കേന്ദ്രം തകർക്കാൻ ശ്രമിക്കുന്ന പദ്ധതിയെ സംരക്ഷിച്ച് പരമാവധിയാളുകൾക്ക് തൊഴിലും സുരക്ഷയും ഉറപ്പു വരുത്തുകയാണ് കേരളം ചെയ്യുന്നത്.
നവകേരള സദസ്സിലേക്ക് ജനങ്ങൾ പ്രവഹിക്കുന്നത് എന്തെങ്കിലും നിർബന്ധത്തിൻറെ ഫലമായിട്ടല്ല, ഇതെല്ലാം തിരിച്ചറിഞ്ഞു കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.