പത്തനംതിട്ട: യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ ഒരാളെക്കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജുവിനെയാണ് പ്രതി ചേർത്തത്. വ്യാജ കാർഡ് നിർമിക്കാൻ നാലാം പ്രതി വികാസ് കൃഷ്ണന് പണം നൽകിയെന്ന കണ്ടെത്തലിലാണിത്.
ഗൂഗിൾ പേ വഴിയാണ് പണം നൽകിയത്. ദിവസം 1000 രൂപ വെച്ച് ഒരു മാസത്തേക്ക് പണം നൽകി. അഞ്ചാം പ്രതിയായാണ് രഞ്ജുവിനെ ചേർത്തത്. രഞ്ജു ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
നേരത്തെ വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ കസ്റ്റഡിയിലെടുത്ത 4 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണൻ, ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് അഭയം വീട്ടിൽ അഭി വിക്രമൻ, ഏഴംകുളം തൊടുവക്കാട് പുളിക്കുന്ന്കുഴിയിൽ ബിനിൽ ബിനു, ഫെനി നൈനാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് 4 പേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാല് പേരും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരാണ്.