നവകേരള സദസിൽ ലഭിച്ച പരാതികൾ ഉപേക്ഷിക്കപ്പെട്ട നിലയിലെന്ന കള്ളപ്രചാരണം തുറന്നു കാട്ടി മുഖ്യമന്ത്രി. രണ്ടു ചിത്രങ്ങൾ ഉൾപ്പെടുത്തി ലഭിച്ച പരാതികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ എന്നാണ് ഒരു പത്രം വാർത്ത നൽകിയത്. ലഭിച്ച കത്തുകൾ കൈപ്പറ്റി രേഖപ്പെടുത്തി സൂക്ഷിച്ചതിനു ശേഷം ഉപേക്ഷിച്ച കവറുകളുടെയും ആ ജോലി കസേരയിൽ ഇരുന്നു ചെയ്യുന്ന ജീവനക്കാരിയുടെ ബാഗും ക്യാമറയിലെടുത്ത്, വ്യാജ വാർത്ത നൽകുകയാണ്. ലഭിക്കുന്ന പരാതികൾക്കും നിവേദനങ്ങൾക്കും രസീതും നൽകുന്നുണ്ട്. പൊതുജനങ്ങൾക്ക് പിന്നീട് പരാതികളുടെ സ്ഥിതി അറിയാനാണ് ഇത്. ഇത്തരം കുടിലബുദ്ധികളെയെല്ലാം അവഗണിച്ച് ജനങ്ങൾ നവകേരള സദസ്സിനെ ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച നാലു മണ്ഡലങ്ങളിൽ നിന്നുമായി ലഭിച്ചത് 9807 നിവേദനങ്ങളാണ്. പയ്യന്നൂർ – 2554 കല്യാശേരി – 2468 തളിപ്പറമ്പ് – 2289 ഇരിക്കൂർ – 2496
എല്ലാ ഭേദങ്ങൾക്കും അതീതമായി, രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റി വച്ച് കേരളമെന്ന വികാരത്തിനായി നാടൊരുമിക്കുന്ന കാഴ്ചയാണ് എങ്ങുമുള്ളത്. സാധാരണക്കാർക്ക് സമീപിക്കാനാവാത്ത ഒന്നാണ് സർക്കാരെന്ന പൊതുധാരണയെ ഇല്ലാതാക്കുക എന്നതാണ് സർക്കാരിന്റെ നയം. അതിൻ്റെ മനോഹരമായ ആവിഷ്കാരമാണ് നവകേരള സദസ്സുകൾ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കർഷകരുടെയും തൊഴിലാളികളുടെയും ആശാ വർക്കർമാരുടെയും പാചക തൊഴിലാളികളുടെയും ഹരിതകർമ്മ സേനയുടെയും അക്കാദമിക് വിദഗ്ധരുടെയും കലാ, സാംസ്കാരിക പ്രവർത്തകരുടെയും വിവിധ മേഖലകളിലെ പ്രൊഫഷനലുകളുടെയും വ്യവസായികളുടെയും ഉൾപ്പെടെ സമൂഹത്തിൻ്റെയാകെ പ്രാതിനിധ്യമാണ് ഓരോ ദിവസത്തേയും പര്യടനത്തിന് മുമ്പ് ചേരുന്ന പ്രഭാത യോഗത്തിൽ ഉണ്ടാകുന്നത്. ഓരോരുത്തർക്കും സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. ലോകത്തിനു മുന്നിൽ ജനാധിപത്യത്തിൻ്റെ മറ്റൊരു മഹനീയ മാതൃക കൂടി കേരളം ഉയർത്തുകയാണ്.
ഇന്നും നാളെയും കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിലാണ് സദസ്സുകൾ ചേരുന്നത്. നാളെ തലശ്ശേരിയിൽ മന്ത്രിസഭാ യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.