120 രൂപ പെൻഷൻ 25 മാസവും 600 രൂപ പെൻഷൻ 18 മാസവും കുടിശികയാക്കി ഇറങ്ങിപ്പോയവരാണ് യുഡിഎഫ് സർക്കാരെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. തോമസ് ഐസക്ക്. ഇന്ന് 1600 രൂപ പ്രതിമാസം സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിൽ യുഡിഎഫിൻ്റെ സംഭാവന എന്താണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു. 2006-ൽ വിഎസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കർഷകത്തൊഴിലാളി പെൻഷൻ 120 രൂപയായിരുന്നു. അതുതന്നെ 25 മാസം കുടിശികയും. വിഎസ് സർക്കാർ അധികാരത്തിൽ നിന്നും ഇറങ്ങിയപ്പോൾ കുടിശിക തീർത്തുവെന്നു മാത്രമല്ല, പെൻഷൻ 500 രൂപയായി വർദ്ധിപ്പിച്ചു. തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ വന്നു. ക്ഷേമ പെൻഷൻ 100 രൂപ ഉയർത്തി. പക്ഷേ, 18 മാസം കുടിശികയാക്കി. ആ പെൻഷനാണ് ഞങ്ങൾ 1600 രൂപയായി വർദ്ധിപ്പിച്ചത്. 1600 രൂപയിൽ പാവങ്ങൾക്കുള്ള നിങ്ങളുടെ സംഭാവന വെറും 100 രൂപ മാത്രമാണെന്ന് തോമസ് ഐസക് യുഡിഎഫ് നേതാക്കളെ ഓർമ്മിപ്പിച്ചു.
ഫെയ്സ് ബുക്ക് കുറിപ്പ്:
“എത്ര ആസൂത്രിതമായിട്ടാണ് ബിജെപിയും യുഡിഎഫും വ്യാജബോധം സൃഷ്ടിക്കാൻ പ്രചാരണം നടത്തുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് രണ്ട് വൃദ്ധകളായ പെൻഷൻകാരെക്കൊണ്ട് നടത്തിയ നാടകം. ഇവർക്ക് രണ്ടുപേർക്ക് കിട്ടിക്കൊണ്ടിരുന്ന പെൻഷൻ ലഭിച്ചില്ലെങ്കിൽ അവരുടെ പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫിനെ അല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തേണ്ട. അവരുടെ പേരുകൾ മസ്റ്ററിംഗിൽ പുതുക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് സർക്കാർ പെൻഷൻ നൽകുക?
ഇതിനിടയിൽ അവർക്കു പെൻഷന് അർഹതയില്ലായെന്നമട്ടിലുള്ള ചില വാർത്തകൾ ദേശാഭിമാനിയിൽ വന്നു. ആ വാർത്ത പിൻവലിക്കുകയും ഖേദംപ്രകടിപ്പിക്കുകയും അത്തരം റിപ്പോർട്ടിനു കാരണക്കാരായ മാദ്ധ്യമപ്രവർത്തകരുടെമേൽ പത്രം ശിക്ഷാനടപടി സ്വീകരിക്കുകയും ചെയ്തു. എത്രയോ വാർത്തകൾ കേരളത്തിൽ ഇടതുപക്ഷത്തിനെതിരെയുള്ള നുണകളാണെന്നു തെളിഞ്ഞിട്ടും എത്ര മാദ്ധ്യമങ്ങൾ ഔപചാരികമായിപ്പോലും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്?
പക്ഷേ, ഏറ്റവും അപഹാസ്യമായത് സുരേഷ് ഗോപിയെന്ന ബിജെപി നേതാവിന്റെ വിക്രിയകളാണ്. അദ്ദേഹം അവരെ സന്ദർശിക്കുന്നു. ചേർത്തുപിടിക്കുന്നു. സ്വന്തം പോക്കറ്റിൽ നിന്നും ഇനി ഭാവിയിൽ പെൻഷൻ ഉറപ്പുനൽകുന്നു. എന്തൊക്കെയാണ് ഒരു ഉളുപ്പുമില്ലാത്ത നാടകങ്ങൾ?
ബിജെപി നേതാവേ, താങ്കളുടെ കേന്ദ്ര സർക്കാർ 2014-ൽ അധികാരത്തിൽ വന്നപ്പോൾ നിലവിലുണ്ടായിരുന്ന 200-300 കേന്ദ്ര പെൻഷൻ ഒരു രൂപ വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ? അതുതന്നെ ഇന്നു കേരളത്തിൽ കുടിശികയല്ലേ? 50 ലക്ഷത്തിലേറെ ഗുണഭോക്താക്കൾക്ക് പെൻഷൻ നൽകുന്ന സംസ്ഥാനമാണു കേരളം. അതിൽ കേന്ദ്ര ബിജെപി സർക്കാരിന്റെ നക്കാപിച്ചാ സഹായം 10 ലക്ഷത്തിൽ താഴെ ബിപിഎൽ കുടുംബങ്ങൾക്കല്ലേയുള്ളൂ? താങ്കൾക്ക് ഇതൊന്നും അറിയാത്തതാണോ, അതോ പൊട്ടൻ കളിക്കുകയാണോ?
ഇനി യുഡിഎഫ് നേതാക്കന്മാരോടാണ്. 1600 രൂപ പെൻഷൻ നൽകുന്നതിൽ നിങ്ങളുടെ സംഭാവന എന്താണ്? 2006-ൽ വിഎസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കർഷകത്തൊഴിലാളി പെൻഷൻ 120 രൂപയായിരുന്നു. അതുതന്നെ 25 മാസം കുടിശികയും. വിഎസ് സർക്കാർ അധികാരത്തിൽ നിന്നും ഇറങ്ങിയപ്പോൾ കുടിശിക തീർത്തുവെന്നു മാത്രമല്ല, പെൻഷൻ 500 രൂപയായി വർദ്ധിപ്പിച്ചു. തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ വന്നു. ക്ഷേമ പെൻഷൻ 100 രൂപ ഉയർത്തി. പക്ഷേ, 18 മാസം കുടിശികയാക്കി. ആ പെൻഷനാണ് ഞങ്ങൾ 1600 രൂപയായി വർദ്ധിപ്പിച്ചത്. 1600 രൂപയിൽ പാവങ്ങൾക്കുള്ള നിങ്ങളുടെ സംഭാവന വെറും 100 രൂപ മാത്രമാണ്.
കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ 50,000 കോടി രൂപയെങ്കിലും പാവങ്ങൾക്കുള്ള പെൻഷനായി വിതരണം ചെയ്തിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഭരിച്ച അഞ്ചുവർഷത്തിനിടയിൽ പെൻഷനുവേണ്ടി ആകെ ചെലവഴിച്ചത് 9000 കോടി രൂപ മാത്രമാണ്. ഈ യുഡിഎഫ് വക്താക്കളാണ് ഇപ്പോൾ പെൻഷൻ കുടിശികയായിയെന്നു പറഞ്ഞ് ഇറങ്ങിയിരിക്കുന്നത്.
പെൻഷൻ അല്ലെങ്കിലും വർഷത്തിൽ മൂന്നോ നാലോ വിശേഷദിവസങ്ങളിലാണ് കേരളത്തിൽ വിതരണം ചെയ്തുവന്നത്. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് ഒരു പെൻഷൻ വിതരണം കമ്പനിയുണ്ടാക്കി അതുവഴി കൃത്യമായി മാസാമാസം പെൻഷൻ വിതരണം ചെയ്യാൻ തുടങ്ങിയത്. ഈ കമ്പനി താല്ക്കാലികമായി വായ്പ എടുക്കുന്നു. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ സർക്കാർ തിരിച്ചു നൽകുന്നു. എന്നാൽ ഇങ്ങനെയെടുത്ത വായ്പകൾ മുഴുവൻ സംസ്ഥാന സർക്കാർ എടുത്ത വായ്പകളായി കണക്കാക്കി 2021-22-ൽ 43000 കോടി രൂപ ഉണ്ടായിരുന്ന സംസ്ഥാന വായ്പ 2022-23-ൽ 22000 കോടി രൂപയായി കേന്ദ്ര ബിജെപി സർക്കാർ വെട്ടിക്കുറച്ചു. ഇതിനെ പിന്താങ്ങിയവരാണ് കോൺഗ്രസ്. എന്നിട്ട് ഇപ്പോൾ കോൺഗ്രസും ബിജെപിയും എല്ലാമാസവും പെൻഷൻ ലഭിക്കുന്നില്ലായെന്നു പറഞ്ഞു സർക്കാരിനെതിരെ ഇറങ്ങിയിരിക്കുകയാണ്.
സർക്കാരിന്റെ പക്കൽ കാശുണ്ടായിരുന്ന കാലത്ത് 600 രൂപയായിരുന്ന പെൻഷൻ 1600 രൂപയാക്കാൻ ഒരു മടിയുമുണ്ടായില്ല. ഇനി അത് 2500 രൂപയുമാക്കും. ഒരു നിബന്ധനയുണ്ട്. ബിജെപിയെ കേന്ദ്രത്തിൽ നിന്നു പുറത്താക്കണം. ഇന്ത്യ സഖ്യം അധികാരത്തിൽവരണം. പക്ഷേ, ആ ഇന്ത്യാ സർക്കാരിനെ പിന്താങ്ങാൻ കേരളത്തിൽ നിന്നും ഇടതുപക്ഷം പാർലമെന്റിൽ എത്തണം. ഈ രാഷ്ട്രീയം മാത്രമാണ് ഇന്നത്തെ ധനപ്രതിസന്ധിക്കു പരിഹാരം. “