ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹമാണ് കേരളത്തിൻറെ കരുത്തെന്ന് പ്രഖ്യാപിക്കുന്നതാണ് നവകേരള സദസ്സിൻറെ രണ്ടാമത്തെ ദിവസവും കണ്ട ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് ചെങ്കള മുതൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവ് വരെ വടക്കേയറ്റത്തെ ജില്ലയിലെ യാത്ര പൂർത്തിയാക്കുമ്പോൾ ഒരു മഹാ ജനമുന്നേറ്റ സദസ്സായി ഈ യാത്ര ഉയർന്നതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങൾ കേവലം കേൾവിക്കാരായി ഇരിക്കുകയല്ല. ഓരോരുത്തരും തങ്ങളുടെ സജീവമായ ഇടപെടൽ ഉറപ്പാക്കി ഒപ്പം ചേരുകയാണ്.
പൈവെളിഗെയിൽ ശനിയാഴ്ച റെക്കോഡ് സൃഷ്ടിച്ച ജനാവലിയാണ് ഉദ്ഘാടന പരിപാടിക്കെത്തിയതെങ്കിൽ ആദ്യദിന പര്യടനത്തിൽ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. സർക്കാർ പറയുന്നത് കേൾക്കാനും നാടിൻറെ പുരോഗതിയ്ക്കായി സ്വന്തം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പങ്കുവെക്കാനും ഉത്സാഹപൂർവ്വം വന്നു ചേർന്ന കാസർകോഡ് ജില്ലയിലെ ജനാവലി കേരളത്തിൻറെ ഉന്നതമായ ജനാധിപത്യബോധ്യത്തിൻറെ മാതൃകയാണ്. നാടിൻറെ പുരോഗതിയ്ക്കായി കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനം നവകേരള സദസ്സ് പകരുകയാണ്.
തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളിൽ നിവേദനങ്ങൾ നൽകാനുള്ള സംവിധാനം ഒരുക്കാൻ ശ്രദ്ധിക്കുന്നുണ്ട്. കാസർകോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുമായി 14232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരം – 1908 കാസർഗോഡ് -3451 ഉദുമയിൽ – 3733 കാഞ്ഞങ്ങാട് -2840 തൃക്കരിപ്പൂർ -2300.
നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുൻപു തന്നെ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകൾ പ്രവർത്തിക്കും. നിവേദനം സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കൗണ്ടറുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.
നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ മതി. പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫീസർമാർ വകുപ്പ്തല മേധാവി മുഖേന റിപ്പോർട്ട് സമർപ്പിക്കും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നൽകും.
രണ്ടു ദിവസത്തെ അനുഭവം മുൻ നിർത്തി തിങ്കളാഴ്ച മുതൽ നവകേരള സദസ്സിൻറെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.