നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഒന്നാം പ്രതി. സി കെ ജാനു രണ്ടാം പ്രതിയും ബിജെപി വയനാട് മുൻ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ മൂന്നാം പ്രതിയുമാണ്. 348 പേജുള്ള കുറ്റപത്രത്തിൽ 83 സാക്ഷികളും, 62 രേഖകളും, 12 മൊബൈൽ ഫോണും ഉൾപ്പെടുന്നു. ശക്തമായ ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളുമുള്ളതാണ് കുറ്റപത്രം.
കെ സുരേന്ദ്രനും സി കെ ജാനുവും ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തതോടെ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായിരുന്നു. ക്രിമിനൽ നടപടി 41 എ പ്രകാരം നോട്ടീസ് അയച്ച് പ്രതികളെ വിളിപ്പിച്ച് ചോദ്യം ചെയ്തതോടെ സാങ്കേതികമായി അറസ്റ്റ് നടപടികളും കഴിഞ്ഞ ദിവസം പൂർത്തിയായി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.
35 ലക്ഷം രൂപ ജാനുവിന് കോഴ നൽകിയെന്നാണ് കേസ്. 10 ലക്ഷം രൂപ തിരുവനന്തപുരത്തും 25 ലക്ഷം ബത്തേരിയിലെ റിസോർട്ടിലും വെച്ച് കൈമാറിയെന്ന് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നു. ഇത് തെളിയിക്കുന്നതിനായി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുമായി വിവിധ ഘട്ടങ്ങളിൽ നടത്തിയ ഫോൺ സംഭാഷണവും പുറത്തുവിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് കണ്ടെത്തി. തെളിവുകളും ലഭിച്ചു. കോടതി ഉത്തരവ് പ്രകാരം ഫോൺ സംഭാഷണം പരിശോധിച്ചതോടെ ശബ്ദം സുരേന്ദ്രന്റേതാണെന്ന് വ്യക്തമായി. കോഴ നൽകിയതിന് ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. പ്രസീതയും ജെആർപിയുടെ മറ്റു രണ്ട് നേതാക്കളും കോടതിയിൽ രഹസ്യമൊഴിയും നൽകിയിരുന്നു.
പണം കൊടുത്ത് സ്ഥാനാർഥിയാക്കൽ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവയാണ് സുരേന്ദ്രനും പ്രശാന്തിനുമെതിരെയുള്ള കുറ്റങ്ങൾ. പണം വാങ്ങി സ്ഥാനാർഥിയാകൽ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവയാണ് ജാനുവിനെതിരെയുള്ള കുറ്റങ്ങൾ.