തിരുവനന്തപുരം: കളമശ്ശേരിയിൽ ഒക്ടോബർ 29ന് നടന്ന സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും.
മന്ത്രിസഭായോഗ തീരുമാനങ്ങൾ
പിണറായി പൊലീസ് സ്റ്റേഷന് പഞ്ചായത്ത് വക സ്ഥലം
പിണറായി ഗ്രാമപഞ്ചായത്തിൻറെ കൈവശമുള്ള ഭൂമിയിൽ നിന്ന് 25 സെൻറ് സ്ഥലം പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിന് വിട്ടുനൽകാമെന്ന ഗ്രാമപഞ്ചായത്തിൻറെ ശിപാർശ അംഗീകരിച്ചു.
സർക്കാർ ഗ്യാരണ്ടി
കേരള ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപ്പറേഷനുള്ള 6 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി കാലാവധി 2022 ഡിസംബർ 21 മുതൽ അഞ്ച് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകും.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് വായ്പ ലഭിക്കുന്നതിന് 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടി അനുവദിക്കും.