കോടികളുടെ നിക്ഷേപത്തട്ടിപ്പിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള വി എസ് ശിവകുമാറിൻ്റെ നീക്കം പൊളിയുമെന്ന് പരാതിക്കാർ. സ്ഥാപനവുമായി ഒരു ബന്ധവുമില്ലെന്ന ശിവകുമാറിൻ്റെ വാദം തെറ്റാണെന്ന് വ്യക്തമായി. നിക്ഷേപം നടത്താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ശിവകുമാർ അവകാശപ്പെട്ടിരുന്നു. തട്ടിപ്പ് നടന്ന തിരുവനന്തപുരം ഡിസ്ട്രിക്ട് അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിലെ എ ക്ലാസ് അംഗമാണ് ശിവകുമാറെന്ന് പരാതിക്കാർ പറയുന്നു. സംഘത്തിൻ്റെ വോട്ടർപട്ടികയിൽ ശിവകുമാറിൻ്റെ പേരുണ്ട്. ‘വി എസ് ശിവകുമാർ, അപരാജിത, ഇടപ്പഴിഞ്ഞി, തിരുവനന്തപുരം’ എന്ന വിലാസമാണ് വോട്ടർപട്ടികയിലുള്ളത്. പാർലമെന്റ് അംഗമായിരുന്നപ്പോൾ താമസിച്ചിരുന്ന വീടിൻ്റെ വിലാസമാണിതെന്ന് പരാതിക്കാർ പറയുന്നു. ശിവകുമാറിൻ്റെ സഹോദരിയുടെ മകൻ കെ പത്മകുമാറിൻ്റെ പേരും പട്ടികയിലുണ്ട്. ഇയാൾ ഈ സംഘത്തിലെ ജീവനക്കാരനായിരുന്നു. വോട്ടർപട്ടിക പുറത്തിറക്കാറുണ്ടെങ്കിലും തെരഞ്ഞെടുപ്പൊന്നും നടത്താറില്ലെന്ന് നിക്ഷേപകർ പറയുന്നു. ഇഷ്ടക്കാരെയും ബന്ധുക്കളെയും ഭാരവാഹികളായി നിശ്ചയിക്കുകയാണ് പതിവ്. 20 ലക്ഷം രൂപ നിക്ഷേപിച്ച ആൾ വരെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടില്ല.
സംഘത്തിൻ്റെ ശാന്തിവിള ശാഖയിൽനിന്ന് രേഖകൾ കടത്താനുള്ള ശ്രമം നിക്ഷേപകരും നാട്ടുകാരും ചേർന്ന് തടഞ്ഞിരുന്നു. 300 നിക്ഷേപകരിൽ നിന്നായി 13 കോടിയോളം രൂപ വെട്ടിച്ചെന്ന കേസിൽ ശിവകുമാർ മൂന്നാംപ്രതിയാണ്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ശിവകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. അറസ്റ്റ് ഭയന്നാണ് സഹകരണ സംഘത്തിൽനിന്ന് രേഖകൾ കടത്താൻ ശ്രമിച്ചതെന്നും നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു. ശിവകുമാറിനെ രക്ഷിക്കാൻ പരാതിക്കാരുടെ കൈവശമുള്ള രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ പലരെയും ബന്ധപ്പെടുന്നുണ്ട്.