തിരുവനന്തപുരം: കളമശ്ശേരി സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവ്വകക്ഷി യോഗം സർക്കാർ സ്വീകരിച്ച നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. സംസാരിച്ച എല്ലാ കക്ഷി നേതാക്കളും സർക്കാരിൻ്റെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിക്കുകയും സമാധാനപ്രവർത്തനങ്ങൾക്ക് പിന്തുണ ഉറപ്പു നൽകുകയും ചെയ്തു.
ഇൻറലിജൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കും. കളമശ്ശേരി സംഭവത്തിൽ പഴുതടച്ച അന്വഷണം നടത്തും. പരിക്കേറ്റവരുടെ ചികിത്സയ്ക്കാവശ്യ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ മതേതര സ്വഭാവം കാത്തു സംരക്ഷിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് നിന്നതിൽ മുഖ്യമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ജനങ്ങളിൽ ഭീതി ജനകമായ സാഹചര്യം സൃഷ്ടിക്കുമെന്ന വസ്തുത മുന്നിൽ കണ്ട് ജാഗ്രത പുലർത്താൻ മാധ്യമങ്ങൾക്ക് കഴിഞ്ഞു. കേരളത്തിൻ്റെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കേന്ദ്രമന്ത്രിയുടെ പ്രസ്താവന അപകടകരമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കേരളത്തിൻ്റെ മതനിരപേക്ഷ സ്വഭാവത്തെ സംശയ നിഴലിലാക്കുന്ന ഒന്നും അനുവദിക്കാൻ പാടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരവേലക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സർക്കാർ സമയോചിത ഇടപെടലാണ് നടത്തിയതെന്ന് കോൺഗ്രസ് പ്രതിനിധി വി ടി ബൽറാം പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് ജനങ്ങൾക്ക് ആത്മവിശ്വാസം പകരണമെന്നും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, ആൻറണി രാജു, പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം വി ഗോവിന്ദൻ (സിപിഎം), വി ടി ബൽറാം (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), പി പി സുനീർ ( സിപിഐ), പി കെ കുഞ്ഞാലിക്കുട്ടി (മുസ്ലീം ലീഗ്), ജോസ് കെ മാണി എം പി ( കേരളാ കോൺഗ്രസ് എം), മാത്യു ടി തോമസ് എം എൽ എ ( ജനതാദൾ സെക്കുലർ), മോൻസ് ജോസഫ് എംഎൽഎ (കേരളാ കോൺഗ്രസ്), പി സി ചാക്കോ (എൻ സി പി), രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ (കോൺഗ്രസ് എസ്), ഫ്രാൻസിസ് തോമസ് (ജനാധിപത്യ കേരളാ കോൺഗ്രസ്), അഡ്വ. ജെ തംറൂഖ് (ഐ എൻ എൽ), സി വേണുഗോപാലൻ നായർ (കേരളാ കോൺഗ്രസ് ബി), ജില്ലാ ബാലകൃഷ്ണപ്പിള്ള ( റവല്യൂഷ്ണറി മാർക്സിസ്റ്റ് പാർട്ടി ) അഡ്വ. ഷാജ ജി എസ് പണിക്കർ ( ആർ എസ് പി (ലെനിനിസ്റ്റ്) , വാക്കനാട് രാധാകൃഷ്ണൻ (കേരളാ കോൺഗ്രസ് ജേക്കബ്), ഡോ. വർഗീസ് ജോർജ് ( രാഷ്ട്രീയ ജനതാദൾ). ബാബു ദിവാകരൻ ( ആർ എസ് പി), സി കൃഷ്ണകുമാർ (ബിജെപി) എന്നിവർ സംസാരിച്ചു. ചീഫ് സെക്രട്ടറി ഡോ. വേണു വി, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരും പങ്കെടുത്തു.