ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൻ്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന മോദി സർക്കാർ നടപടിയെ സിപിഎമ്മും സിപിഐയും സംയുക്ത പ്രസ്താവനയിൽ ശക്തമായി അപലപിച്ചു.
യു എൻ പൊതുസഭ വൻഭൂരിപക്ഷത്തോടെ പാസാക്കിയ പ്രമേയത്തിൻ്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് നടുക്കം സൃഷ്ടിക്കുന്നതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ചേർന്ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാനും നിയമപരവും മാനുഷികവുമായ ബാധ്യതകൾ മാനിച്ചും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് യുഎൻ പ്രമേയം. അമേരിക്ക – ഇസ്രയേൽ – ഇന്ത്യ ചങ്ങാത്തം ദൃഢമാക്കാനുള്ള മോദിസർക്കാരിൻ്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തിൻ്റെ വിദേശനയം രൂപപ്പെടുത്തുന്നതെന്ന് ഈ നടപടി വ്യക്തമാക്കുന്നു. പലസ്തീൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ചു വന്ന നിലപാടാണ് ഇതിലൂടെ നിഷേധിക്കുന്നത്. യുഎൻ പൊതുസഭ പ്രമേയം അംഗീകരിച്ചിട്ടും വംശഹത്യ ലക്ഷ്യമിട്ട് ഗാസയിൽ കര – വ്യോമ ആക്രമണങ്ങൾ ഇസ്രയേൽ ശക്തമാക്കി. 22 ലക്ഷം പലസ്തീൻകാർ അധിവസിക്കുന്ന മേഖലയിൽ വാർത്താവിനിമയ സംവിധാനങ്ങൾ തകർത്തു. യുഎൻ പ്രമേയത്തിൻ്റെ അടിസ്ഥാനത്തിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം.
1967നു മുമ്പുള്ള അതിർത്തികളോടെ, കിഴക്കൻ ജറുസലേം തലസ്ഥാനമായ പലസ്തീൻ എന്ന നിലയിൽ ദ്വിരാഷ്ട്ര പരിഹാരത്തിന് രക്ഷാസമിതിയെ ചുമതലപ്പെടുത്തിയ തീരുമാനം നടപ്പാക്കണമെന്നും യെച്ചൂരിയും രാജയും ആവശ്യപ്പെട്ടു.