ഉപേക്ഷിക്കപ്പെട്ട് ശിശുക്ഷേമസമിതിയിൽ എത്തിയ കുരുന്നുകളിൽ 49 പേർ പുതിയ ജീവിതത്തിലേക്ക് കടന്നു. വിവിധ വികസിത രാജ്യങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നിന്നുള്ളവരാണ് കുഞ്ഞുങ്ങളെ ദത്തെടുത്തത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും ഈ കുഞ്ഞുങ്ങൾക്ക് രക്ഷകർത്താക്കളായി.
ഈ വർഷം മാത്രം ഇതുവരെ 49 കുട്ടികൾക്കാണ് ദത്തുവഴി കുടുംബമുണ്ടായത്. ഇതിൽ 10 പേരെ യൂറോപ്പിലെ വിവിധ വികസിത രാജ്യങ്ങളിലേക്കാണ് ദത്ത് നൽകിയത്. ആറ് ദത്തെടുക്കൽ കേന്ദ്രങ്ങൾ, മൂന്ന് ശിശുപരിചരണ സ്ഥാപനങ്ങൾ, ബാലികാമന്ദിരം, 150ലേറെ ക്രഷെ എന്നിവയുടെ നടത്തിപ്പ് ശിശുക്ഷേമ സമിതിയുടെ ചുമതലയിലാണ്. സർക്കാർ ധനസഹായത്തിനു പുറമെ സമൂഹത്തിലെ സുമനസ്സുകളുടെയും സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായവും സമിതിയ്ക്ക് പിന്തുണയാവുന്നു. ഇതിനിടെയാണ് ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിനെതിരെ (ഐസിസിഡബ്ല്യു) സിബിഐ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ രക്ഷാധികാരി പദവിയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ രംഗപ്രവേശം. ഐസിസിഡബ്ല്യുവിൽ സംസ്ഥാന ശിശുക്ഷേമ സമിതി അഫിലിയേറ്റ് ചെയ്തിരുന്നു എന്നതാണ് കാരണമായി പറഞ്ഞത്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വരവുചെലവ് കണക്കുകളിൽ ഒരു ക്രമക്കേടും ഉണ്ടായിട്ടില്ല. സമിതിയുമായി നേരിട്ട് ബന്ധമില്ലാത്ത സ്ഥാപനത്തിലെ അഴിമതിയുടെ പേരിലാണ് ഗവർണറുടെ സ്ഥാനമൊഴിയൽ നാടകം.