കാസർകോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് എം പി ജോസഫ് കോടതിയെ സമീപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായിരുന്ന എം പി ജോസഫ്. മുൻ മന്ത്രി കെ എം മാണിയുടെ മരുമകൻ കൂടിയാണ്. കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അദ്ദേഹം സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഡിസംബർ 19ന് ഹാജരാകണമെന്നാവശ്യപ്പെട്ട് പി കെ ഫൈസലിന് കോടതി സമൻസയച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം 2022 നവംബർ 28ന് രണ്ടുതവണയായി ബാങ്ക് അക്കൗണ്ട് വഴിയാണ് പി കെ ഫൈസൽ ജോസഫിൽനിന്ന് 10 ലക്ഷം രൂപ ഒരുമാസത്തെ കാലാവധിയിൽ കടം വാങ്ങിയത്. പലതവണ തിരിച്ചുചോദിച്ചിട്ടും പണം മടക്കി കൊടുത്തില്ല. ഇതോടെ ജോസഫ് കെപിസിസിക്ക് പരാതി നൽകി. പരാതിയെ തുടർന്ന് അഞ്ചുലക്ഷം രൂപ മാത്രമാണ് തിരിച്ചുകൊടുത്തത്. കെപിസിസിക്ക് വീണ്ടും പരാതി നൽകിയാലും പ്രയോജനം ഉണ്ടാകില്ലെന്ന് വ്യക്തമായതോടെയാണ് ജോസഫ് കോടതിയിൽ എത്തിയത്.
തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിച്ച് തോറ്റപ്പോഴും കോൺഗ്രസുകാർക്കെതിരെ സമാന സാമ്പത്തിക അഴിമതി ആരോപണവുമായി ജോസഫ് രംഗത്തുവന്നിരുന്നു. തന്നോട് പണം വാങ്ങിയതല്ലാതെ, കോൺഗ്രസുകാർ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയില്ലെന്നാണ് മുൻ ഐഎഎസ് ഓഫീസർകൂടിയായ ജോസഫിന്റെ പരാതി.