ഇലക്ടറൽ ബോണ്ടുകളുടെ നിയമസാധുത ചോദ്യംചെയ്തുള്ള ഹരജികൾ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റെ പരിഗണനയ്ക്കു വിട്ടു. വിഷയത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്താണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിശദീകരിച്ചു. 30ന് ഭരണഘടനാ ബെഞ്ച് ഹർജികൾ പരിഗണിക്കും.
രാഷ്ട്രീയ പാർടികൾക്ക് അജ്ഞാതകേന്ദ്രങ്ങളിൽനിന്നുള്ള സംഭാവനകൾക്ക് വഴിയൊരുക്കുന്ന ഇലക്ടറൽ ബോണ്ട് പദ്ധതിക്കെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), സിപിഎം തുടങ്ങിയ കക്ഷികൾ നൽകിയ ഹർജികളാണ് പരിഗണനയിലുള്ളത് മൂന്നംഗ ബെഞ്ച് ഈ മാസം 31ന് ഹർജികൾ പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരുന്നത്. എന്നാൽ, തിങ്കളാഴ്ച വിഷയം ഭരണഘടനാബെഞ്ചിന് വിടുകയാണെന്ന് ചീഫ്ജസ്റ്റിസ് പറഞ്ഞു. വിഷയത്തിൻ്റെ പ്രാധാന്യവും ഭരണഘടനയുടെ 145 (3) അനുച്ഛേദവും കണക്കിലെടുത്താണിത്.
ഭരണഘടനയുടെ വ്യാഖ്യാനം ആവശ്യമുള്ള വിഷയങ്ങൾ അഞ്ച് ജഡ്ജിമാരെങ്കിലും അംഗങ്ങളായ ബെഞ്ച് പരിഗണിക്കണമെന്നാണ് വ്യവസ്ഥ. വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പാർടികൾക്ക് നേരിട്ട് സംഭാവനകൾ സ്വീകരിക്കാനുള്ള മാർഗമാണ് ഇലക്ടറൽ ബോണ്ട്. 1000 രൂപമുതൽ ഒരുകോടിവരെയുള്ള ബോണ്ടുകൾ എസ്ബിഐ ശാഖകളിൽനിന്നും വാങ്ങി താൽപ്പര്യമുള്ള പാർടികൾക്ക് സംഭാവന നൽകാം. ആരുടെ കൈയിൽനിന്നാണ് സംഭാവന സ്വീകരിക്കുന്നതെന്ന് വെളിപ്പെടുത്തേണ്ട. കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്നും അധികാരത്തിലുള്ള രാഷ്ട്രീയ പാർടിക്ക് വൻതോതിൽ പണം സമാഹരിക്കാനുള്ള നിയമവിരുദ്ധമാർഗമാണ് പദ്ധതിയെന്ന വിമർശമുയർന്നിരുന്നു. 2018 മുതൽ 2022 വരെ ബിജെപി 5,297 കോടി രൂപ ഇങ്ങനെ സമാഹരിച്ചു. ബോണ്ട് വഴിയുള്ള സംഭാവനയുടെ 57 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്.
2017ൽ ധനനിയമം ഭേദഗതി ചെയ്താണ് ഇലക്ടറൽ ബോണ്ട് പദ്ധതി കൊണ്ടുവന്നത്. രാജ്യസഭയെ മറികടക്കാനാണ് പണബില്ലായുള്ള നിയമഭേദഗതിയെന്ന് ആക്ഷേപമുയർന്നിരുന്നു. 2017ൽ ഫയൽ ചെയ്ത ഹർജികളാണ് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണഘടനാബെഞ്ചിന് വിട്ടത്. കേസിൽ വേഗം വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം 2021 ജൂലൈയിൽ അപേക്ഷ നൽകിയിരുന്നു.