കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാർത്താസമ്മേളന വാർത്തകൾ തമസ്കരിച്ച് മലയാള മനോരമ. വെള്ളിയാഴ്ച പുറത്തിറങ്ങിയ മനോരമയുടെ കോട്ടയം എഡിഷൻ്റെ 14 പേജുള്ള പത്രത്തിലെ ഉൾപ്പേജിൽ പോലും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൻ്റെ വാർത്തകൾ ഒരുവരിപോലും കൊടുത്തില്ല.
മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നില്ലെന്ന പ്രതിപക്ഷ ആരോപണം വലിയ പ്രാധാന്യത്തിൽ ജാഗ്രതയോടെ കൈകാര്യം ചെയ്തു പോന്നവർ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ശ്രദ്ധിക്കാതിരിക്കില്ല. അപ്പോൾ ഈ ഒഴിവാക്കൽ മനഃപൂർവം തന്നെയെന്ന നിഗമനമാണുള്ളത്. യുഡിഎഫ് മുഖപത്രമെന്ന വിശേഷണം സ്വയം ഏറ്റെടുത്ത് എൽഡിഎഫ് സർക്കാരിൻ്റെ നേട്ടങ്ങൾ വായനക്കാരിൽനിന്ന് മറയ്ക്കുക, അതോടൊപ്പം നിയമന കോഴയെന്ന മട്ടിൽ ആരോഗ്യവകുപ്പിനെതിരെ കെട്ടിപ്പൊക്കിയ പെരുംനുണകൾ തകർന്നത് സ്വന്തം വായനക്കാരിലേക്ക് എത്തിക്കാതിരിക്കുക, പറഞ്ഞത് പാലിച്ച് പ്രകടനപത്രിക വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് കഴിവതും ജനങ്ങളെ അറിയിക്കാതിരിക്കുക തുടങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കാണ് യുഡിഎഫ് മുഖപത്രമെന്ന നിലയിൽ വാർത്ത മുക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ മൂന്നു കാര്യങ്ങളാണ് പ്രധാനമായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.