തിരുവനന്തപുരം: മധ്യേഷ്യയിൽ ഏറെ കാലമായി പരിഹരിക്കപ്പെടാത്ത പ്രശ്നമാണ് ഇപ്പോഴത്തെ ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ എത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇസ്രായേൽ ഒരു ദിവസം ഒരു പലസ്തീൻ കാരനെ കൊല്ലുന്നുണ്ട്. ഗാസയുടെ അവസ്ഥ ദയനീയമാണ്. ജൂതരുടെ നിയമ വിരുദ്ധ കുടിയേറ്റം തുടരുകയാണ്. പലസ്തീൻ ജനതയ്ക്ക് സ്വന്തമായി രാജ്യം നൽകണമെന്ന തീരുമാനം ഇതുവരെ നടപ്പായില്ല. പലസ്തീന് അർഹതപ്പെട്ട രാജ്യം നൽകണം. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് ഭാഗത്തും നടന്നത് കുരുതിയാണ്, ഇത് അവസാനിക്കണം. ഹമാസ് നടത്തിയ അക്രമണം പ്രശ്നം പരിഹരിക്കാൻ പര്യാപ്തമല്ല. ഹമാസിനെ ഗാസയിൽ കൊണ്ട് വന്നത് സാമ്രാജ്യത്വമാണ്. ഏരിയാ തലത്തിൽ സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ഒക്ടോബർ 20 വരെയുള്ള തീയതികളിലാണ് പരിപാടി. യു എൻ കരാർ നടപ്പാക്കുക, സമാധാനം പുനസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജനകീയ കൂട്ടായ്മയെന്നും എം വി ഗോവിന്ദൻ അറിയിച്ചു.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിഴിഞ്ഞം പദ്ധതി കേരളത്തിൻ്റെ വികസനത്തിന് ഊർജം നൽകും. വിഴിഞ്ഞം തുറമുഖമെന്ന ആശയം ഇ കെ നായനാരുടെ കാലത്ത് രൂപപ്പെട്ടതാണ്. സിപിഎം നേതൃത്വത്തിൽ ഒക്ടോബർ 15ന് പ്രാദേശിക തലത്തിൽ ആഹ്ലാദ പ്രകടനം നടത്തും. കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികളാണ്. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എല്ലാവരും ഏറ്റെടുത്തോട്ടെ എന്നും എം വി ഗോവിന്ദൻ പറഞ്ഞു.