തിരുവനന്തപുരം: ഏഷ്യാനെറ്റ് മാനേജിങ് എഡിറ്റർ സ്ഥാനത്തു നിന്ന് മനോജ് കെ ദാസ് വീണ്ടും മാതൃഭൂമി പത്രാധിപർ പദവിയിലേക്ക്.
സംഘപരിവാർ നേരിട്ടിടപെട്ടാണ് നിയമനം. ഒന്നരവർഷം മുമ്പ് മാതൃഭൂമി പത്രാധിപസ്ഥാനം രാജിവെച്ചാണ് മനോജ് കെ ദാസ് ഏഷ്യാനെറ്റിലേക്ക് പോയത്.
കടുത്ത സംഘപരിവാർ അനുകൂലിയായ മനോജ് കെ ദാസിൻ്റെ വരവോടെ മാതൃഭുമിയുടെ കാവിവത്കരണം പൂർണമാകും. മാതൃഭൂമി ഓഹരി വാങ്ങിക്കൂട്ടാൻ കേന്ദ്ര മന്ത്രിയും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ ശ്രമിക്കുന്നതിനിടയിലാണ് പത്രാധിപ നിയമനം. മാതൃഭൂമി ഡയറക്ടർ ബോർഡ് യോഗം നിയമനത്തിന് അംഗീകാരം നൽകി. മനോജ് കെ ദാസ് ഉടൻ ചുമതലയേൽക്കുമെന്നാണ് വിവരം. മുമ്പ് പത്രാധിപ സ്ഥാനത്തിരിക്കുമ്പോൾ മാതൃഭൂമിയെ കാവിവത്കരിക്കാൻ നടത്തിയ നീക്കങ്ങൾ വിവാദമായിരുന്നു. സംഘപരിവാർ ഭീഷണിക്ക് വഴങ്ങി എസ് ഹരീഷിൻ്റെ നോവൽ ‘മീശ’ മാതൃഭൂമി ആഴ്ചപ്പതിപ്പ് പാതിവഴി പ്രസിദ്ധീകരണം നിർത്തിയതും ഇതേ ഘട്ടത്തിലായിരുന്നു. ഇതിനിടയിൽ ഏഷ്യാനെറ്റിലേക്കുള്ള കൂടുമാറ്റം ബിജെപിയുടെയും രാജീവ് ചന്ദ്രശേഖറിൻ്റെയും താൽപര്യപ്രകാരമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനെ ബിജെപി ബഹിഷ്കരിച്ച സമയത്താണ് ഇദ്ദേഹം ചാനൽ തലപ്പത്തെത്തിയത്. തുടർന്ന് ബിജെപിയുമായുള്ള പിണക്കം പരിഹരിച്ചു.
മാനേജിംഗ് ഡയരക്ടർ അടക്കമുള്ളവരുടെ അടുത്ത ബന്ധുക്കളെ ഉയർന്ന തസ്തികകളിൽ നിയമിക്കുന്നതിനെ ചൊല്ലി അസ്വാരസ്യം പുകയുന്നതിനിടയിലാണ് പത്രാധിപ നിയമനം.