ന്യൂഡൽഹി: ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്തയ്ക്കെതിരായ എഫ്ഐആറിൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള ഡൽഹി പോലീസ് എഴുതി നിറച്ചത് തെളിവില്ലാത്ത ആരോപണങ്ങൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശത്തുനിന്ന് നിയമവിരുദ്ധമായി ഫണ്ട് സ്വീകരിച്ച് പുർകായസ്ത, യുഎസ് ബിസിനസുകാരൻ നെവിൽ റോയ് സിങ്കം, ഗൗതം നവ്ലഖ എന്നിവർ രാജ്യത്തിൻ്റെ പരമാധികാരത്തെയും അഖണ്ഡതയെയും അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഷവോമി, വിവോ എന്നീ ചൈനീസ് മൊബൈൽ കമ്പനികളിൽനിന്ന് ഇതിനായി നിയമവിരുദ്ധമായി ഫണ്ട് സ്വീകരിച്ചെന്നും ആരോപിക്കുന്നു. കശ്മീരിനെയും അരുണാചലിനെയും ചൈനയുടെ ഭാഗമാക്കി ഭൂപടം നിർമിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുണ്ട്. ആരോപണങ്ങൾക്ക് ബലമേകുന്ന തെളിവൊന്നും എഫ്ഐആറിൽ ഉൾപ്പെടുത്താനും ഡൽഹി പോലീസിനായിട്ടില്ല.
‘ഷവോമി, വിവോ പോലുള്ള ചൈനീസ് കമ്പനികൾ ഫെമ, പിഎംഎൽഎൻ ചട്ടങ്ങൾ ലംഘിച്ച് ആയിരക്കണക്കിനു വ്യാജ കമ്പനികൾ സ്ഥാപിച്ച് വിദേശ ഫണ്ട് രാജ്യത്തേക്ക് കടത്തി. ചൈനീസ് കമ്പനികൾക്കെതിരായ കേസുകൾ പ്രതിരോധിക്കാനും അവർക്കായി പ്രചാരണം നടത്താനും അഭിഭാഷക ശൃംഖല രൂപീകരിക്കാൻ പ്രബീറും നെവില്ലും ഗീത ഹരിഹരനും കമ്പനികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഗൗതം ഭാട്ടിയയും ഗൂഢാലോചന നടത്തി.
ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പ്രബീർ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്കുലറിസം എന്ന സംഘടനയുമായി ചേർന്നായിരുന്നു അട്ടിമറിനീക്കം. ബറ്റിനി റാവു, ദിലീപ് സിമിയോൺ, ദീപക് ദൊലാക്കിയ, ഹർഷ് കപൂർ, ജമാൽ കിദ്വായ്, അസിത ദാസ് എന്നിവരും പങ്കാളികളായി. കോവിഡ്കാലത്തെ സർക്കാർ ശ്രമങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. നിരോധിത തീവ്രവാദ സംഘടനയോട് പ്രതികൾ അനുഭാവം പുലർത്തി’– എഫ്ഐആറിൽ ആരോപിക്കുന്നു. പിഎം കെയേഴ്സ് ഫണ്ടിലേക്ക് 2020ൽ ഷവോമി 10 കോടി രൂപ സംഭാവന ചെയ്തിരുന്നു.