കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ രൂക്ഷ വിമർശനമുയർത്തി എ കെ ആന്റണി. പാർടിയെ നയിക്കേണ്ടവർ പക്വതയില്ലാതെ പെരുമാറുന്നത് അവമതിപ്പുണ്ടാക്കുന്നതായി വ്യാഴാഴ്ച ചേർന്ന കെപിസിസി വിശാല എക്സിക്യൂട്ടീവ് യോഗത്തിൽ ആന്റണി പറഞ്ഞു.
പ്രവർത്തകരുടെ വികാരം എന്ന നിലയിൽക്കൂടിയാണ് തുറന്നുപറച്ചിൽ.‘പാർടിയിൽ ഐക്യം കൊണ്ടുവരേണ്ടവരാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും. പരസ്പരം ഐക്യമില്ലെങ്കിലും സാധാരണ പ്രവർത്തകരെയും അണികളെയും ബോധ്യപ്പെടുത്താനെങ്കിലും അവർക്ക് ഒന്നിച്ച് നിൽക്കാനാകണം. സംസ്ഥാനത്തെ കോൺഗ്രസിനെ നയിക്കുന്നത് തങ്ങളാണെന്ന ബോധം അവർക്കുണ്ടാകണം. മറ്റാരുമല്ല പാർടിയിൽ ഐക്യം കൊണ്ടുവരേണ്ടത്. ഇവരാണ് നേതാക്കളെന്ന് മറ്റുള്ളവരും മനസ്സിലാക്കണം’ – ആന്റണി പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചയാണ് ചർച്ചയിലും നിഴലിച്ചത്. അഭിപ്രായ വ്യത്യാസങ്ങൾ പുറത്തല്ല, അകത്താണ് പ്രകടിപ്പിക്കേണ്ടത് എന്ന നിലപാട് സുധാകരനുമെടുത്തു. പുതുപ്പള്ളി വിജയത്തിൻ്റെ തിളക്കം ദിവസങ്ങൾക്കുള്ളിൽ കെട്ടുപോകുംവിധമുള്ള നേതാക്കളുടെ തമ്മിലടിയാണ് മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചത്. കെ സി ജോസഫും രമേശ് ചെന്നിത്തലയും കെ മുരളീധരനുമടക്കമുള്ളവർ വി ഡി സതീശൻ്റെ ഏകപക്ഷീയ നിലപാടുകളിലുള്ള പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഹൈക്കമാൻഡിന്റെകൂടി വികാരമാണ് ആന്റണി പ്രകടിപ്പിച്ചത്.
അതേസമയം, നേതൃയോഗങ്ങൾക്കു പിന്നാലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ സുധാകരന് കൂടുതൽ പ്രാധാന്യം കൈവരുന്നുവെന്നതും നേതാക്കൾക്കിടയിൽ ചർച്ചയാണ്. കോൺഗ്രസ് ജാഥ സുധാകരൻതന്നെ നയിക്കട്ടെ എന്ന തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് തിരിച്ചടിയായത്. പാർലമെന്ററി പാർടി നേതാവ് എന്ന നിലയിൽ പ്രതിപക്ഷ നേതാവിനാണ് മുൻകാലങ്ങളിൽ മുഖ്യസ്ഥാനം കിട്ടിയിരുന്നത്.