കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകനായ ശശി ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ചെന്ന മാധ്യമങ്ങളുടെ നെറികെട്ട പ്രചാരണവും പൊളിഞ്ഞു. കരുവന്നൂർ കൊളങ്ങാട്ടുപറമ്പിൽ ബാലൻ്റെ മകൻ ശശി(53) ചികിത്സക്കാവശ്യമായ പണം ബാങ്കിൽ നിന്നു കിട്ടാതെ മരിച്ചെന്നാണ് ഏഷ്യാനെറ്റ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച മനോരമ അടക്കമുള്ള പത്രങ്ങൾ ഏഷ്യാനെറ്റിൻ്റെ പെരുംനുണ പൊടിപ്പും തൊങ്ങലും വെച്ച് ആഘോഷിച്ചു. എന്നാൽ ആറു ലക്ഷത്തിലധികം രൂപ ശശിയുടെയും കുടുംബത്തിൻ്റെയും പേരിൽ കരുവന്നൂർ ബാങ്കിലുള്ള നിക്ഷേപങ്ങളിൽ നിന്ന് പല ഘട്ടങ്ങളിലായി വാങ്ങിയിരുന്നു. ഇക്കാര്യം മറച്ചുവെച്ചാണ് മാധ്യമങ്ങൾ കദന കഥയുമായി ഇറങ്ങിയത്.
കഴിഞ്ഞ മാസം 30 നാണ് 53 കാരനായ ശശി മരിച്ചത്. ശശി, അച്ഛൻ ബാലൻ, അമ്മ തങ്ക എന്നിവരുടെ പേരിലുള്ള നിക്ഷേപത്തിൽനിന്ന് 6.07,900 രൂപ ചികിത്സയ്ക്കായി ബാങ്കിൽ നിന്നു നൽകിയിട്ടുണ്ട്. ഇനിയും തുക ആവശ്യമെങ്കിൽ എപ്പോൾ വേണമെങ്കിലും നൽകാമെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉറപ്പ് നൽകിയിരുന്നു.
ശശിയുടെ അക്കൗണ്ടിൽനിന്ന് 62,750 രൂപ, അമ്മ തങ്ക, അച്ഛൻ ബാലൻ എന്നിവരുടെ ജോയിന്റ് അക്കൗണ്ടിൽനിന്ന് 2,27,800 രൂപ, തങ്കയുടെ അക്കൗണ്ടിൽനിന്ന് 3,17,350 രൂപ എന്നിങ്ങനെയാണ് നൽകിയത്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റശേഷം 45 ദിവസത്തിനകം രണ്ടു ഘട്ടമായി 2,97,900 രൂപ നൽകി. പിന്നീട് ഈ ആവശ്യവുമായി ആരും സമീപിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ശശിയുടെ അക്കൗണ്ടിൽ ഇനി 7,000 രൂപ മാത്രമാണുള്ളത്. അമ്മയുടേയും അച്ഛൻ്റെയും പേരിൽ അടുത്തവർഷം കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളാണ് ബാക്കിയുള്ളത്. ഇതും തിരിച്ചുനൽകാമെന്ന് ഉറപ്പുനൽകിയിരുന്നതായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ അറിയിച്ചു.
ശശി ദീർഘകാലമായി കിടപ്പിലായിരുന്നു. ഇതിനിടയിലാണ് വീണു പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആഗസ്ത് 22 മുതൽ 30 വരെ അവിടെ ചികിത്സയിലായിരുന്നു. രോഗം ഭേദമാകില്ലെന്ന് ഉറപ്പിച്ചതോടെ ഊരകത്തെ പാലിയേറ്റീവ് കേന്ദ്രത്തിലേക്ക് മാറ്റി. സെപ്തംബർ 30 ന് വീട്ടിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. ഇവിടെവച്ചാണ് മരിച്ചത്.
ചികിത്സയ്ക്ക് പണം കിട്ടിയില്ലെന്ന് ശശിയുടെ കുടുംബക്കാർപോലും ആക്ഷേപം ഉന്നയിച്ചിരുന്നില്ല. മരിച്ച് അഞ്ചുദിവസത്തിനുശേഷമാണ് മരണം വിവാദമാക്കാൻ കോൺഗ്രസും ബിജെപിയും രംഗത്തിറങ്ങിയത്. കോൺഗ്രസ്, ബിജെപി നേതാക്കൾ ബുധനാഴ്ച ശശിയുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഏഷ്യാനെറ്റ് വാർത്തയാക്കിയതോടെ ശശിയുടെ മരണവും സഹകരണ മേഖലയെ തകർക്കാനുള്ള ആയുധമാക്കുകയാണ് കോൺഗ്രസും ബിജെപിയും മാധ്യമങ്ങളും.
അതേസമയം അവസരം മുതലെടുത്ത് മരിച്ച ശശിയുടെ വീട്ടിൽ സുരേഷ് ഗോപി എം പിയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തുകയും ധനസഹായം ഉറപ്പ് നൽകുകയും ചെയ്തു.