ന്യൂഡൽഹി: പോലീസ് അറസ്റ്റ് ചെയ്ത ഓൺലൈൻ മാധ്യമമായ ന്യൂസ് ക്ലിക്കിലെ എഡിറ്റർ ഇൻ ചീഫിനെയും എച്ച് ആറിനെയും പ്രത്യേക കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർകയസ്ഥ, നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവരെയാണ് ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്. ന്യൂസ് ക്ലിക്ക് ഓഫിസിലും ഇവരുമായി സഹകരിക്കുന്ന മാധ്യമപ്രവർത്തകരുടെയുൾപ്പെടെ വസതികളിലും നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു അറസ്റ്റ്.
ചൊവ്വ പുലർച്ചെ 6 മുതൽ 46 കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ, ലാപ്ടോപ് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. ന്യൂസ് ക്ലിക്ക് ഓഫിസ് സീൽ ചെയ്തു. 9 വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടെ ചോദ്യം ചെയ്തുവെന്നാണു വിവരം. മുതിർന്ന മാധ്യമപ്രവർത്തകരായ അനുരാധ രാമൻ, സത്യം തിവാരി, അദിതി നിഗം, സുമേധാ പാൽ, സുബോധ് വർമ, എഴുത്തുകാരി ഗീത ഹരിഹരൻ, ഭാഷാ സിങ് തുടങ്ങിയവരുടെ ദേശീയതലസ്ഥാന മേഖലയിലെ വീടുകളിലും സാമൂഹിക പ്രവർത്തക തീസ്ത സെതൽവാദിൻ്റെ മുംബൈയിലെ വീട്ടിലും പരിശോധന നടന്നു.