മുംബൈ: 12 നവജാതശിശുക്കളുൾപ്പെടെ മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ 24 രോഗികൾ മരണപെട്ടു. ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്തതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിലാണ് 24 രോഗികൾ മരിച്ചത്.
ആറ് ആൺകുട്ടികളും ആറ് പെൺകുട്ടികളുമടക്കം 12 നവജാത ശിശുക്കളും വിവിധ അസുഖം മൂലം ചികിത്സയിലായിരുന്ന മറ്റ് 12 പേരും മരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും പാമ്പ് കടിയേറ്റ് ചികിത്സയിലുള്ളവരായിരുന്നു. അതേസമയം, മരണത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് തുറന്നു സമ്മതിക്കുകയാണ് ആശുപത്രി അധികൃതർ. ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്ന് അധികൃതർ പറയുന്നു. നിലവിലുള്ള ജീവനക്കാർക്ക് പരിചരിക്കാൻ കഴിയുന്നതിനും ഏറെയാണ് എത്തുന്ന രോഗികളുടെ എണ്ണം.
മരണത്തിന് കാരണം ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള സർക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി. സംഭവത്തിൽ, സംസ്ഥാനത്തെ ‘ട്രിപ്പിൾ എഞ്ചിൻ’ സർക്കാരാണ് ഉത്തരവാദിയെന്ന് ആരോപിച്ച് എൻ.സി.പി നേതാവ് സുപ്രിയ സുലെ രംഗത്തെത്തി. ബന്ധപ്പെട്ട മന്ത്രിയുടെ രാജി എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ ആവശ്യപ്പെടണമെന്നും സുലെ പറഞ്ഞു.