കോടിക്കണക്കിനു രൂപയുടെ നിക്ഷേപം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിൻ്റെ ശാസ്തമംഗലത്തെ വീടിനുമുന്നിൽ നിക്ഷേപകരുടെ സമരം. തിരുവനന്തപുരം ഡിസിസി അംഗവും ശിവകുമാറിൻ്റെ മുൻ പേഴ്സണൽ അസിസ്റ്റന്റുമായിരുന്ന എം രാജേന്ദ്രൻ പ്രസിഡന്റായ തിരുവനന്തപുരം ജില്ലാ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോ– ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകരാണ് സമരത്തിനെത്തിയത്.
അഞ്ചു ലക്ഷം മുതൽ അരക്കോടി രൂപ വരെ സൊസൈറ്റിയിൽ നിക്ഷേപിച്ചവരുണ്ട്. കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമാണ് ഇതിൽ ഭൂരിപക്ഷവും. മൂന്നരക്കോടി രൂപ നിക്ഷേപിച്ചിട്ട് ഒരു തവണ പോലും പലിശ ലഭിച്ചില്ലെന്ന് ഒരു കുടുംബം മാധ്യമങ്ങളോടുപറഞ്ഞു. ശിവകുമാറിൻ്റെ പേരുപറഞ്ഞാണ് രാജേന്ദ്രൻ പണം സമാഹരിച്ചതെന്നും ശിവകുമാറും നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചെന്നും നിക്ഷേപകർ പറയുന്ന.
ശിവകുമാറാണ് 2006ൽ സൊസൈറ്റി ഉദ്ഘാടനം ചെയ്തത്. നിലവിൽ 13 കോടിയിലേറെ രൂപയുടെ നിക്ഷേപം സ്വീകരിച്ചതായാണ് കണക്ക്. മൂന്ന് ശാഖകളുള്ള സൊസൈറ്റിയുടെ കിള്ളിപ്പാലത്തെ ആസ്ഥാനം അടച്ചുപൂട്ടി. പോലീസെത്തി ചർച്ച നടത്തുംവരെ നിക്ഷേപകർ ശിവകുമാറിൻ്റെ വീടിനുമുന്നിൽ സമരം തുടർന്നു. മുഖ്യമന്ത്രിക്കും സഹകരണമന്ത്രിക്കും പരാതി നൽകുമെന്നും നിക്ഷേപകർ അറിയിച്ചു. എന്നാൽ, സഹകരണ സംഘവുമായി ബന്ധമില്ലെന്നാണ് ശിവകുമാറിൻ്റെ വിശദീകരണം.
നിക്ഷേപത്തട്ടിപ്പിന് കരമന പോലീസ് ജൂണിൽ രാജേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ രാജേന്ദ്രനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ശിവകുമാറിൻ്റെ ബിനാമിയാണ് രാജേന്ദനെന്നും ആക്ഷേപമുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം നേരിടുന്നതിനിടയിലാണ് നിക്ഷേപത്തട്ടിപ്പ് ആരോപണം. ഇത് ശിവകുമാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കി.