സർക്കാർപ്രവൃത്തികൾക്ക് ടെൻഡറില്ലാതെ തൊഴിലാളി സഹകരണസംഘങ്ങളെ അക്രഡിറ്റ് ചെയ്യാനുള്ള തീരുമാനമെടുത്തത് ഉമ്മൻചാണ്ടി സർക്കാർ. കാലാനുസൃതമായി പരിഷ്കരിക്കുന്ന നിശ്ചിത തുക പരിധിയുള്ള പ്രവൃത്തികൾ ടെൻഡർ കൂടാതെ കരാർ നൽകാൻ വ്യവസ്ഥചെയ്യുന്ന അക്രഡിറ്റേഷൻ സമ്പ്രദായമാണ് 2015-ൽ നടപ്പാക്കിയത്.
നടപടിക്രമങ്ങളുടെ കാലതാമസവും അഴിമതിയും ഒഴിവാക്കാനും ഗുണമേന്മ ഉറപ്പാക്കാനും ആയിരുന്നു ഈ നടപടി. പിന്നീടുവന്ന എല്ലാ സർക്കാരുകളും കൂടുതൽ ഏജൻസികളെ ഉൾപ്പെടുത്തിയും പരമാവധി തുക, ഒരേസമയം ഏറ്റെടുക്കാവുന്ന പരമാവധി പ്രവൃത്തികളുടെ തുക എന്നിവ ഭേദഗതിചെയ്തും ഉത്തരവിറക്കിയിട്ടുണ്ട്. നിലവിൽ 40 സർക്കാർ ഏജൻസികളും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി അടക്കം ആറു സർക്കാർ ഇതര ഏജൻസികളും അക്രഡിറ്റേഷൻ പട്ടികയിലുണ്ട്.
ദേശീയപാത ഉൾപ്പെടെയുള്ള വലിയ പ്രവൃത്തികൾ ഏറ്റെടുക്കുന്ന സംഘം എന്ന പരിഗണനയിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് ഉൾപ്പെടെ സഹായകമായ ഉത്തരവുകൾ പല ഘട്ടങ്ങളിലായി കേരളത്തിലെ സർക്കാരുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാരുകളുടെ സാമൂഹിക ഉത്തരവാദിത്വത്തിൻ്റെ ഭാഗമായി എടുത്ത തീരുമാനങ്ങളെയാണ് ഊരാളുങ്കലിന് വേണ്ടിയുള്ള വഴിവിട്ട ശ്രമമായി മനോരമ ചിത്രീകരിക്കുന്നത്.
ഇ ഡി യെ ആയുധമാക്കി സഹകരണ ബാങ്കുകളെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനൊപ്പമാണ് തൊഴിലാളി സഹകരണ സംഘത്തിനെതിരായി മനോരമയുടെ കുപ്രചാരണം.
വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ‘ഊരാളുങ്കൽ– അനുകൂല ഉത്തരവുകൾ ഇടതുഭരണകാലത്ത്’ എന്ന വാർത്തയും പുകമറ സൃഷ്ടിക്കാനുള്ള ഈ നീക്കത്തിൻ്റെ ഭാഗമാണ്. ബ്രിട്ടീഷ് ഭരണകാലം മുതൽ തൊഴിലാളി സംഘങ്ങൾക്ക് നൽകിവരുന്ന, അതത് കാലത്ത് പരിഷ്കരിച്ച ഉത്തരവുകളുടെ തുടർച്ച മാത്രമാണിതെന്ന കാര്യം മറച്ചുവച്ചാണ് പ്രചാരണം. ജനകീയാസൂത്രണ പദ്ധതിക്കാലത്ത് സാങ്കേതിക വൈദഗ്ധ്യമുള്ള പ്രവൃത്തികൾ ഏറ്റെടുക്കാൻ തൊഴിലാളി സഹകരണസംഘങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. ഗുണമേന്മയുള്ള നിർമാണം സാർവത്രികമാക്കിയത് ഈ തീരുമാനമാണ്.
2016 ജനുവരി 27ന് ഊരാളുങ്കലിനെ സർക്കാരിൻ്റെ വിവിധ വകുപ്പുകളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും ഐടി അനുബന്ധ പ്രവൃത്തികൾ ഏറ്റെടുക്കാൻ അനുമതി നൽകുന്ന ‘ടോട്ടൽ ഐടി സൊല്യൂഷൻ പ്രൊവൈഡർ’ പട്ടികയിൽ ഉൾപ്പെടുത്തിയതും ഉമ്മൻചാണ്ടി സർക്കാരാണ്.
നിലവിലുള്ള അക്രഡിറ്റഡ് ഏജൻസികളുടെ പട്ടികയിൽ ഹാബിറ്റാറ്റ്, കോസ്റ്റ്ഫോർഡ്, തൃശൂർ കോ ഓപ്പറേറ്റീവ് ലേബർ കോൺട്രാക്ട് സൊസൈറ്റി, പിണറായി ഇൻസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി, സ്റ്റേറ്റ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി എന്നിവയാണ് സർക്കാർ ഇതരസ്ഥാപനങ്ങൾ. നിർമിതി കേന്ദ്രയും മെട്രോ റെയിൽ കോർപറേഷനും കെൽട്രോണും ഉൾപ്പെടെ നാൽപ്പത് സർക്കാർ സ്ഥാപനങ്ങളും പട്ടികയിലുണ്ട്. ഉയർന്ന മൂലധനവും തൊഴിൽശേഷിയും പ്രവൃത്തി പരിചയവും പരിഗണിച്ച് 800 കോടിവരെയുള്ള പ്രവൃത്തികൾ ഏറ്റെടുക്കാൻ ഊരാളുങ്കലിനാവും.