കാസർകോട്: കോൺഗ്രസ് മണ്ഡലം പുനഃസംഘടനയിൽ രാജ്മോഹൻ ഉണ്ണിത്താൻ സ്വന്തക്കാരെ തിരുകിക്കയറ്റിയതിൽ പ്രതിഷേധിച്ച് കാസർകോട് ഡിസിസി ഓഫീസിനകത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുത്തിയിരിപ്പ് സമരം. കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താന് മാനസിക പ്രശ്നമുണ്ട്. എം പിയെ കാണാൻ വരുന്ന പ്രവർത്തകരെ തന്തക്കും തള്ളക്കും വരെ വിളിക്കുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഴുപതോളം പ്രവർത്തകരാണ് ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസലിൻ്റെ മുറിക്ക് മുന്നിൽ രാവിലെ മുതൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്. പ്രതിഷേധം ഭയന്ന് ഡിസിസി പ്രസിഡൻ്റ് ഓഫീസിലെത്തിയില്ല.
ചീമേനി മണ്ഡലം കമ്മിറ്റിയിലാണ് ഉണ്ണിത്താൻ ഇടപെട്ട് അട്ടിമറിച്ചത്. മുൻ ചീമേനി മണ്ഡലം പ്രസിഡന്റ് ആയിരുന്ന ജയരാമനോ അല്ലെങ്കിൽ ശ്രീവത്സൻ പുത്തൂരോ ഭാരവാഹിയാക്കണമെന്നായിരുന്നു ധാരണ. എന്നാൽ ഉണ്ണിത്താൻ സ്വന്തക്കാരനായ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ധനേഷിനെ പ്രസിഡൻ്റാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം.
ചീമേനിയിൽ 12 ബൂത്തുകമ്മറ്റിയാണ് ഉള്ളത്. അതിൽ 10 ബൂത്തു കമ്മറ്റി പ്രസിഡൻ്റുമാരും സമരത്തിനെത്തി. പ്രത്യേക ബസിലാണ് രാവിലെ 10ത്തോടെ പ്രവർത്തകർ ഓഫീസ് ഉപരോധിക്കാനെത്തിയത്.