കൊല്ലം കടയ്ക്കലിൽ നിരോധിത സംഘടനാ പ്രവർത്തകർ ആക്രമിച്ച് പുറത്ത് ചാപ്പകുത്തിയെന്ന സൈനികൻ ഷൈൻകുമാറിൻ്റെ കള്ളക്കഥ പൊളിഞ്ഞിട്ടും നുണപ്രചാരണവുമായി എ കെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനിൽ ആന്റണി.
‘ഒരു ഇന്ത്യൻ സൈനികനെ ചിലർ പിടിച്ചുവച്ച് കൈകൾ ബന്ധിച്ച് മുതുകിൽ പെയിന്റുകൊണ്ട് പിഎഫ്ഐ എന്ന് എഴുതി. ഇതാണ് ഇപ്പോൾ കേരളത്തിൻ്റെ ഞെട്ടിക്കുന്ന അവസ്ഥ. ഇതേക്കുറിച്ച് സിപിഎമ്മിൽ നിന്നോ കോൺഗ്രസിൽനിന്നോ ഒരു നേതാവു പോലും പ്രതികരിച്ചില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം’- എന്നാണ് അനിൽ ആന്റണി പ്രതികരിച്ചത്
കെട്ടിച്ചമച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചന ഇതിനകം പുറത്തു വന്നു കഴിഞ്ഞു , ബിജെപി ബന്ധവും വ്യക്തമായി. രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. എന്നിട്ടും വ്യാജ പ്രചാരണം നടത്തുകയാണ് ബിജെപി യെന്ന് അനിൽ ആന്റണിയുടെ വാക്കുകൾ വ്യക്തമാക്കുന്നു.
തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവകേന്ദ്രമായി കേരളം മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങളുണ്ടെങ്കിലും, ഈ സൈനികൻ്റെ വിഷയം ഉയർത്തിക്കാട്ടി അതിനെ വെള്ളപൂശാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നാണ് അനിൽ ആന്റണി പറഞ്ഞത്.
രാജസ്ഥാനിൽ ജയ്സൽമേർ 751 ഫീൽഡ് വർക്ഷോപ്പിൽ സൈനികനായ കടയ്ക്കൽ ചാണപ്പാറ ബി.എസ്. നിവാസിൽ ഷൈനാണ് (35), ഒരു വിഭാഗം ആളുകൾ ആക്രമിച്ച് മുതുകിൽ ‘പിഎഫ്ഐ’ എന്ന് ചാപ്പകുത്തിയതായി പരാതിപ്പെട്ടത്. എന്നാൽ, വിശദമായ അന്വേഷണത്തിൽ ഈ പരാതി പോലീസ് വ്യാജമാണെന്നു കണ്ടെത്തി.
സംഭവത്തിൽ ഷൈനെയും സുഹൃത്ത് മുക്കട ജോഷി ഭവനിൽ ജോഷിയെയും (40) കൊല്ലം റൂറൽ എസ്പി എം.എൽ.സുനിലും സംഘവും അറസ്റ്റ് ചെയ്തിരുന്നു. പട്ടാളത്തിലേക്കു മടങ്ങാനുള്ള മടിയും പിഎഫ്ഐയോടുള്ള വിരോധവുമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്.