തിരുവനന്തപുരം: സഹകരണമേഖലയിലെ നിക്ഷേപങ്ങൾ സുരക്ഷിതമല്ലെന്ന വാദം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും സഹകരണ- മേഖലയെ തകർക്കുന്നതിനുള്ള ഗൂഡശ്രമത്തിൻ്റെ ഭാഗമാണന്നും സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് സഹകരണ നിക്ഷേപ ഗ്യാരന്റി ബോർഡ് സുരക്ഷ ഉറപ്പു നിൽകുന്നുണ്ട്. അഞ്ച് ലക്ഷം രൂപയുടെ ഗ്യാരന്റിയാണ് ബോർഡ് ഉറപ്പു നൽകുന്നത്. വാണിജ്യ ബാങ്കുകളിലെ നിക്ഷേപത്തിന് ഗ്യാരന്റി നൽകുന്ന ഡിപ്പോസിറ്റ് ഇൻഷ്വറൻസ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ നൽകുന്നതും 5 ലക്ഷം രൂപയുടെ പരിരക്ഷ മാത്രമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ സഹകരണ മേഖലയിൽ ഇതിന് പുറമെ പ്രതിന്ധിയിൽ ആകുന്ന സംഘങ്ങളെ സംരക്ഷിക്കാൻ പുതുതായി പുനരുദ്ധാരണ നിധി രൂപീകരിച്ചു കഴിഞ്ഞു. 1200 കോടി രൂപയാണ് പുനരുദ്ധാരണ നിധിക്കായി സജ്ജമാക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ സഹകരണ വികസന ക്ഷേമനിധി ബോർഡിൽ നിന്ന് ധനസഹായം നൽകുന്ന പദ്ധതിയും നിലവിലുണ്ട്. ഇതൊക്കെ മറച്ചുവെച്ചാണ് സഹകരണമേഖലയിലെ നിക്ഷേപം സുരക്ഷിതമല്ലെന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത്.
കരുവന്നൂർ ബാങ്ക് പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ പണം ഇടാക്കുന്ന നിയമനടപടികൾ തുടർന്നതിനൊപ്പം നിക്ഷേപകർക്ക് സംരക്ഷണം ഒരുക്കാൻ ജില്ലയിലെ ബാങ്കുകൾ ചേർന്ന് കൺസോഷ്യം രൂപീകരിച്ച് 20 കോടി രൂപ നൽകുകയും ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. സഹകരണ വികസന ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപയും റിസർവ്വ് ഫണ്ടിൽ നിന്ന് 2 കോടിയും കരുവന്നൂർ ബാങ്കിന് നൽകിയിരുന്നു. പ്രവർത്തനം സാധാരണനിലയിലേക്ക് എത്തിച്ച് ജനങ്ങൾക്ക് പണം നൽകുന്നതിനായിരുന്നു ഈ സഹായങ്ങളെന്നും മന്ത്രി പറഞ്ഞു.