കലാപം തുടരുന്ന മണിപ്പൂരിൽ കാണാതായ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. 17 വയസുകാരനായ ഹിജാം ലിന്തോയിൻഗമ്പി, 20കാരനായ ഫിജാം ഹെംജിത് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇൻറർനെറ്റ് പുനസ്ഥാപിച്ചതിന് പിന്നാലെ കുട്ടികളുടെ ഫോട്ടോകൾ പുറത്തുവരികയായിരുന്നു. ജൂലൈ ആറിനാണ് കുട്ടികളെ കാണാതായത്.
അതേസമയം, കഴിഞ്ഞദിവസം മണിപ്പുരിൽ വീണ്ടും സംഘർഷം ഉണ്ടായി. കോടതി ജാമ്യം അനുവദിച്ച അഞ്ച് മെയ്തെയ് സായുധ വളന്റിയർമാരിൽ ഒരാളെ എൻഐഎ വീണ്ടും അറസ്റ്റ് ചെയ്തതോടെയാണ് സംഘർഷമുണ്ടായത്. നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി പ്രവർത്തകനായ മോയ്റാങ്തേം ആനന്ദിനെ 10 വർഷം പഴക്കമുള്ള കേസിലാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ചവരെ സ്വീകരിക്കാൻ ഇംഫാൽ പോലീസ് സ്റ്റേഷനു പുറത്ത് കാത്തുനിന്നവർ മോയ്റാങ്തേം ആനന്ദിനെ വീണ്ടും അറസ്റ്റ് ചെയ്തതറിഞ്ഞ് അക്രമാസക്തരാവുകയായിരുന്നു.